Latest NewsKerala

അമൃതാനന്ദമയി അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അവർ മറ്റെവിടെ പങ്കെടുക്കുമായിരുന്നു ചോദിക്കാൻ തോന്നുന്നത്… വൈറലായി യുവതിയുടെ ഫേസ്ബുക് പോസ്റ്റ്

അയ്യപ്പസംഗമത്തിൽ പങ്കെടുത്തതിന് ശേഷം ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയായ മാതാ അമൃതാനന്ദമയി ഇരയായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ആത്മീയാചാര്യയായ അമൃതാനന്ദമയി അയ്യപ്പ കർമസമിതിയുടെ ദേശീയ സമിതിയുടെ മുഖ്യ രക്ഷാധികാരിയാണ്. അവർ അമൃതാനന്ദമയി അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് ശരിയായില്ലെന്നും പങ്കെടുക്കരുതായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അവർ പിന്നെ മറ്റെവിടെ പങ്കെടുക്കുമെന്നായിരുന്നു കരുതിയിരുന്നത് എന്നാണ് ചോദിക്കാൻ തോന്നുന്നത് എന്ന് തുടങ്ങുന്ന മനില സി മോഹൻ എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അമൃതാനന്ദമയി അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് ശരിയായില്ലെന്നും പങ്കെടുക്കരുതായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അവർ പിന്നെ മറ്റെവിടെ പങ്കെടുക്കുമെന്നായിരുന്നു കരുതിയിരുന്നത് എന്നാണ് ചോദിക്കാൻ തോന്നുന്നത്. അവർ പങ്കെടുത്തില്ല എങ്കിലല്ലേ അത്ഭുതമുള്ളൂ?

അയ്യപ്പ കർമസമിതിയുടെ ദേശീയ സമിതിയുടെ മുഖ്യ രക്ഷാധികാരിയാണവർ. അയ്യപ്പ സംഗമത്തിന് മാത്രമായി എത്തിച്ചേർന്ന അതിഥിയൊന്നുമല്ല. ദേശീയ തലത്തിൽ സമരം വ്യാപിപ്പിക്കാൻ ചുമതലപ്പെട്ട സംഘാടക. ശബരിമലയിലും തെരുവിലുമൊക്കെ അക്രമ പ്രവർത്തനം നടത്തിയവരിൽ അയ്യപ്പഭക്തർ മാത്രമല്ല അമൃതാനന്ദമയിയുടെ ഭക്തരുമുണ്ടായിരുന്നെന്ന് തന്നെയർത്ഥം.

നവോത്ഥാനത്തെക്കുറിച്ച് നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന, വർഗ്ഗീയ, പ്രതിലോമ ശക്തികളുടെ കേരളത്തിലെ സാന്നിധ്യത്തെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി സ്ഥലത്തെ പ്രധാന ആൾദൈവത്തോട് പരിഭവത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അസ്വാഭാവികത തോന്നുന്നുണ്ട്.

ഒരു സ്ത്രീയുടെ വയലൻസ് മനുഷ്യരെ മുഴുവൻ കെട്ടിപ്പിടിച്ച് , ചുംബിച്ച് , കയ്യുയർത്തി തലയിളക്കി പതിഞ്ഞ സ്നേഹമെന്ന് നടിച്ച് മക്കളേയെന്ന് നീട്ടിവിളിച്ച്, സംഹാര താണ്ഡവമാടാൻ തുടങ്ങിയിട്ട് കാലം കുറേയായിട്ടുണ്ട്. ഇത്രയേറെ വയലൻസ് ഉള്ളിലുള്ള ഒരു മനുഷ്യനും കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ അമൃതാനന്ദമയിയെപ്പോലെ ഇത്ര എളുപ്പത്തിൽ വിധ്വംസകമായി വിജയിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം അവർ അയ്യപ്പന് ജയ് വിളിച്ചപ്പോൾ തമാശ തോന്നിയവരുണ്ട്. തമാശയല്ലത്. അവരുടെ ബുദ്ധിപരമായ പാലം പണിയാണ്. ഭക്തിക്കും പാർലമെന്ററി രാഷ്ട്രീയത്തിനും ഇടയിലെ തകർക്കാൻ പറ്റാത്ത വിശ്വാസ പാലം. ഹെവി. ആ സ്ത്രീ അവിടെ വന്നപ്പോൾ സംഘപരിവാർ അപ്പാടെ അവരായി മാറി. അവർ കേരളത്തിൽ 15% മാത്രം വോട്ട് ഷെയറുള്ള തീവ്രവലതുപക്ഷത്തിന്റെ ബ്രാൻഡ് അംബാസിഡറാവുന്നത് തമാശയല്ല. ഇനിയിപ്പോ അവർ ആ ബ്രാന്റിന്റെ അംബാസിഡറാവുന്നത് തടയാനാണ് ഈ പരിഭവം പറച്ചിലെങ്കിൽ ശരി, ഇനി പക്ഷേ നവോത്ഥാനമെന്നൊന്നും ഓർമിപ്പിക്കാൻ നിൽക്കരുത്. നാരായണ ഗുരുവിനെയെങ്കിലും മറക്കണം.

അവർ വിമർശിക്കപ്പെടുമെന്ന് തോന്നുമ്പോഴൊക്കെ നമ്മളവരുടെ ‘ദൈവിക‘ പദവി മറന്ന് അവരൊരു സ്ത്രീയാണെന്ന് ഓർമിപ്പിക്കും. അവർക്കെതിരായ വിമർശനങ്ങൾ സ്ത്രീവിരുദ്ധമാണ്, അങ്ങനെ ചെയ്യല്ലേയെന്ന് വിലപിക്കും. ദളിത് വിരുദ്ധമാണെന്ന് മനസ്സിലാക്കി രാഷ്ട്രീയ ശരിയോടെ നിശ്ശബ്ദരാവും. രാഷ്ട്രീയ വിമർശനങ്ങളേയും വ്യക്തിയധിക്ഷേപങ്ങളേയും കൂട്ടിക്കലർത്തി അത് ശരിയല്ലെന്ന് വ്യാഖ്യാനിക്കും. അങ്ങനെ നമ്മൾ ആ സ്ത്രീയുടെ വർഗ്ഗീയതയെ, പലതരം വയലൻസുകളെ സംരക്ഷിച്ചു വെക്കുകയായിരുന്നു, വെച്ചുകൊണ്ടിരിക്കുകയാണ്.

സ്ത്രീകളുടെ വർഗ്ഗീയവയലൻസിനെ നമ്മൾ വേണ്ടവിധത്തിൽ അഡ്രസ്സ് ചെയ്തിട്ടില്ല. കെ.പി. ശശികല സത്യങ്ങൾ പറയാറില്ല. ശോഭാ സുരേന്ദ്രന്റെ നുണ പ്രസംഗങ്ങളിലെ വയലൻസ് ഒട്ടും ചെറുതല്ല. ശരീരത്തിന്റെയോ സമൂഹനിലയുടേയോ കീഴാളതയുടേയോ ദുർബലാവസ്ഥ പറഞ്ഞുകൊണ്ട് ന്യായീകരിക്കപ്പെടേണ്ടതല്ല ഒരു സമൂഹത്തിൽ വർഗ്ഗീയത കൊണ്ട്, അധികാരവും ആത്മവിശ്വാസവുമുള്ള സ്ത്രീകൾ ഉണ്ടാക്കുന്ന വയലൻസ്. അമൃതാനന്ദമയിയുടെ വർഗ്ഗീയതയോട് മുഖ്യമന്ത്രി പരിഭവിക്കുമ്പോൾ, താലോലിച്ചുകൊണ്ടിരിക്കുമ്പോൾ നവോത്ഥാനത്തെക്കുറിച്ച് പറഞ്ഞ് വെച്ചതെല്ലാം പാഴ് വാക്കുകളായിപ്പോവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button