മദ്യപാനത്തിന് ദൂഷ്യഫലങ്ങള്‍ ഏറെയാണെന്ന് ഏത് കൊച്ചു കുഞ്ഞുങ്ങള്‍ക്കും അറിയാം. എന്നാല്‍ മദ്യം നല്‍കുന്ന ലഹരി വീണ്ടും വീണ്ടും പലരെയും അതിന് അടിമപ്പെടുത്തുകയാണ്. ഇത്തരത്തില്‍ നമ്മെ ലഹരിയിലാഴ്ത്തി അമ്മാനമാടിക്കുന്ന മദ്യം പെട്ടെന്നുള്ള മരണത്തിനു കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
സാധാരണഗതിയില്‍ മദ്യപാനം പെടുന്നനെയുള്ള മരണത്തിന് കാരണമാകുന്ന സന്ദര്‍ഭങ്ങള്‍ വളരെ അപൂര്‍വ്വമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ ആരോഗ്യനില അത് എങ്ങനെയിരിക്കുന്നു എന്നതിനെ അപേക്ഷിച്ചായിരിക്കും മരണത്തിനുള്ള സാധ്യത ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഉദാഹരണത്തിന് ഹൃദയസംബന്ധമായ ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള ഒരാളെ മദ്യപാനം ഒരുപക്ഷേ പെട്ടെന്ന് തന്നെ ബാധിച്ചേക്കാം. ഇത്തരത്തില്‍ ഒരാള്‍ മദ്യപിക്കുന്നതിനെ തുടര്‍ന്ന് മാനസികമോ ശാരീരികമോ ആയ ചെറിയ വ്യതിയാനങ്ങള്‍ മൂലം ഹൃദയസ്തംഭനം വരെ സംഭവിച്ചേക്കാം. അതിലൂടെ ആ വ്യക്തി മരണപ്പെടാം. എന്നാല്‍ ഇത് വളരെ വിദൂരമായ സാധ്യതയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നത്.
അതുകൂടാതെ തന്നെ അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും അതെ തുടര്‍ന്നുള്ള മരണത്തിലേക്ക് നയിച്ചേക്കാം. പക്ഷെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നടക്കുന്ന ഒരു മരണമല്ല ഇത്. മറ്റൊരാളുടെ ശ്രദ്ധയില്‍പ്പെടാതെ കൃത്യമായ സമയത്ത് വൈദ്യരക്ഷ ലഭിക്കാതെ വരുന്ന ഒരു മരണമാണിത്.
മറ്റൊരു സാധ്യതയായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്, പെട്ടെന്നുള്ള എന്തെങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകള്‍ വരികയും എന്നാല്‍ മദ്യലഹരിയില്‍ ആയിരിക്കുന്നതിനാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കഴിയാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യേണ്ടി വരുന്ന സാഹചര്യമാണ്. അതായത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ, മുറിവോ, പൊള്ളല്‍ ഏല്‍ക്കുന്നതോ, ശരീരത്തിന്റെ അകത്തുനിന്നുള്ള ശ്വാസതടസം പോലുള്ള വിഷമതകളോ തുടങ്ങിയവ സംഭവിക്കുന്നതും എന്നാല്‍ ഇതിനെ ലഹരിയില്‍ മുങ്ങിയിരിക്കുന്ന വ്യക്തിക്ക് മറികടക്കാന്‍ സാധിക്കാത്തതും മരണത്തിലേക്ക് അയാളെ തള്ളി വിടുന്നു.
Post Your Comments