ചെന്നൈ: പത്താം വയസ്സിലായിരുന്നു പെണ്മയോടുള്ള തന്റെ താത്പര്യം തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് അവഗണനയും അവഹേളനങ്ങളും മാത്രം. നൃത്തങ്ങളില്‍ പങ്കെടുത്ത് തിരിച്ചെത്തുമ്പോള്‍ കിട്ടിയ സമ്മാനങ്ങള്‍ ഒളിപ്പിച്ചു വയ്‌ക്കേണ്ട അവസ്ഥ. ഒടുവില്‍ വീട്ടുകാര്‍ അറിഞ്ഞു. പിന്നെ അവിടെ തുടരാന്‍ കഴിയാതായി. ഇതേ അവസ്ഥ അനുഭവിക്കുന്ന സുഹൃത്ത് ശക്തിക്കൊപ്പം വീടുവിട്ട് നൃത്തം പഠിക്കാന്‍ പോയി… ഇതായിരുന്നു പത്മശ്രീ ജേതാവ് ട്രാന്‍സ്‌ജെന്റര്‍ നര്‍ത്തകി നടരാജിന്റെ ഇന്നത്തെ ജീവിതത്തിലേക്കുള്ള തുടക്കം. പത്മ പുരസ്‌കാരം നേടിയ രാജ്യത്തെ ആദ്യ ട്രാന്‍സ് വുമണ്‍ ആണ് നര്‍ത്തകി നടരാജ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് രാജ്യം നല്‍കിയ മഹത്തായ അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരമെന്ന് നര്‍ത്തകി നടരാജ് പറയുന്നു. പുതിയ ചരിത്രമാണ് ഇൗ പത്മശ്രീ പുരസ്‌കാരത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്.
പതിനൊന്നാം വയസ്സില്‍ തമിഴ്‌നാട്ടിലെ മധുരയിലെ വീടുവിട്ട് ഇറങ്ങിയതാണ് നടരാജ്. കയ്യില്‍ ചില്ലിക്കാശില്ലാതിരുന്നിട്ടും മനസ്സു നിറയെ നൃത്തം പഠിക്കണമെന്ന ആഗ്രഹമായിരുന്നു. ഒടുവില്‍ പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പപ്പിള്ളയുടെ അടുത്തെത്തി സ്ത്രീയായി കരുതി നൃത്തം പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. ഭിന്നലിംഗക്കാരിയായതിനാല്‍ ആട്ടിയോടിക്കുമെന്നാണ് കരുതിയത്. എന്നാല്‍ കിട്ടപ്പപ്പിള്ള നടരാജിനെ ശിഷ്യയായി സ്വീകരിച്ചു. ഇതോടെയാണ് സ്വപ്‌നത്തിലേക്കുള്ള നടരാജിന്റെ ചുവടുവെപ്പ്. നടരാജിനോടുള്ള സമൂഹത്തിന്റെ അവഗണന കണ്ട കെ.പി.കിട്ടപ്പപ്പിള്ള നീണ്ട പതിനാല് വര്‍ഷം ഭക്ഷണം താമസവും നല്‍കി നടരാജിന്റെ ചുവടുറപ്പിച്ചു. മധുരയില്‍ നര്‍ത്തകി നൃത്യ കലാലയ നൃത്ത വിദ്യാലയം സ്ഥാപിച്ചു. ചെന്നൈയില്‍ നൃത്ത ഗവേഷണത്തിനായി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന വിദ്യാലയവും സ്ഥാപിച്ചു. ഈ വിദ്യാലയത്തിന് അമേരിക്കയിലും ഇംഗ്ലണ്ടിലും കാനഡയിലും ശാഖകളുമുണ്ട്. നടരാജിന്റെ കീഴില്‍ നൃത്തം പഠിക്കാന്‍ മധുരയിലേക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ട്.
ചെറിയൊരു ലോണ്‍ നല്‍കാന്‍ പോലും ബാങ്കുകള്‍ മടിച്ചതും വാടകയ്ക്ക് മുറി തേടി അലഞ്ഞതും നടരാജ് ഇപ്പോഴും വേദനയോടെ ഓര്‍മ്മിക്കുന്നു. പക്ഷെ തളരാത്ത പോരാട്ട വീര്യത്തോടൊപ്പം നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവും കഠിനപ്രയത്‌നവും നടരാജിനെ വലിയ നര്‍ത്തകിയാക്കി. ഇന്ന് ഇന്ത്യക്ക് പുറമേ യുഎസ്സും യൂറോപ്പും അടക്കം കീഴടക്കാത്ത വേദികളില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും നര്‍ത്തകി നടരാജ് മുന്‍പന്തിയിലുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നാണ് നര്‍ത്തകി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് , സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. പെരിയാര്‍ മണിയമ്മൈ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് മാര്‍ഗനിര്‍ദേശത്തിനായുള്ള ട്രസ്റ്റും നടരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടറേറ്റ് ബഹുമതികള്‍ക്ക് പുറമേ പ്ലസ് വണ്‍ തമിഴ് പാഠപുസ്തകത്തില്‍ നടരാജിന്റെ ജീവിതകഥ ഒരു പാഠഭാഗമായി ഉള്‍പ്പെടുത്തിയാണ് നര്‍ത്തകി നടരാജിനെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിച്ചത്. പോരാട്ടവഴികളില്‍ ഒറ്റയ്ക്കായിരുന്നെങ്കിലും ഇന്ന് തനിക്ക് ലോകം മുഴുവന്‍ ബന്ധുക്കളുണ്ടെന്ന് നടരാജ് സന്തോഷത്തോടെ പറയുന്നു. ഭരതനാട്യത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നര്‍ത്തകി തഞ്ചാവൂര്‍ കേന്ദ്രീകരിച്ചുള്ള നായകി ഭാവ പാരമ്പര്യമാണ് നൃത്തത്തില്‍ പിന്തുടരുന്നത്. നൃത്തത്തിലെ സംഘത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിലും പ്രകടനത്തിലുമാണ് നര്‍ത്തകി അറിയപ്പെടുന്നത്. ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനകളോട് പോരാടിയാണ് നൃത്തരംഗത്ത് നര്‍ത്തകി മുന്‍നിരയിലെത്തിയത്. ട്രാന്‍ജെന്‍ഡറുകളെ പ്രതിനിധീകരിക്കുന്ന അര്‍ദ്ധനാരീ സങ്കല്പങ്ങളെയും മറ്റും ചേര്‍ത്തുള്ള നൃത്തരൂപങ്ങളാണ് കൂടുതലായി നര്‍ത്തകി വേദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ ഒരു സമൂഹത്തിന് അഭിമാനമായി നര്‍ത്തകി നടരാജ് മാറുമ്പോള്‍ തങ്ങള്‍ ആരുടെയും പിന്നിലല്ലെന്ന് ഉറക്കെപ്പറയാന്‍ അത് ഒരു സമൂഹത്തിന് കരുത്താവുകയാണ്.
Post Your Comments