സ്ത്രീകളെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന ഒരു അസുഖമായി പിസിഒഡി (പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്) ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മാറിയിരിക്കുന്നു. മുമ്പത്തെ കാലങ്ങളെ അപേക്ഷിച്ച് പിസിഒഡി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അത്രമാത്രം വര്‍ധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
അണ്ഡവിസര്‍ജ്ജനം പാതിവഴിയില്‍ നിന്നുപോകുന്നതിനെ തുടര്‍ന്ന് അണ്ഡാശയത്തില്‍ മുഴകള്‍ ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഡി. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ ഈ ഹോര്‍മോണ്‍ വ്യതിയാനത്തിലേക്ക് സ്ത്രീകളെ കൊണ്ടെത്തിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒന്ന്…
ഇതില്‍ ഒന്നാമത്തേത് അനാരോഗ്യകരമായ ജീവിതശൈലിയാണ്. കൃത്യമായ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയുടെ കുറവിനെ തന്നെയാണ് പ്രധാനമായും അനാരോഗ്യകരമായ ജീവിതശൈലിയെന്ന് പറയുന്നത്. പുതിയ കാലത്തെ ജീവിതരീതികളില്‍ ശരീരത്തിന് ആയാസം നല്‍കുന്ന ജോലികള്‍ വളരെ വിരളമാണ്. വീട്ടുജോലികള്‍ക്ക് പോലും നമ്മള്‍ സമയക്കുറവ് മൂലം മെഷിനുകളെയാണ് ആശ്രയിക്കുന്നത്.
ഇതോടൊപ്പം തന്നെ നീണ്ടനേരത്തേക്ക് ഇരുന്ന് ജോലി ചെയ്യുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. ശരീരത്തിലെത്തുന്ന കൊഴുപ്പിനെ ആവശ്യാനുസരണം എരിച്ചുകളയാന്‍ കഴിയാതിരിക്കുന്നതോടെ ഈ കൊഴുപ്പ് ശരീരത്തില്‍ തന്നെ അടിഞ്ഞുകൂടുന്നു.
സമയത്തിന് ഭക്ഷണം കഴിക്കുകയില്ലെന്ന് മാത്രമല്ല, ജങ്ക് ഫുഡ് പോലുള്ള അപകടകരമായ ഭക്ഷണം അമിതമായി കഴിക്കുകയും ചെയ്യുന്നു. ഇതും ക്രമേണ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. വ്യായാമമോ യോഗയോ പരിശീലിക്കുന്നത് ഒരു പരിധി വരെയെങ്കിലും ഈ പ്രശ്‌നത്തെ ചെറുക്കാന്‍ സഹായിച്ചേക്കും.
രണ്ട്…
പിഡിഒഡിക്ക് ഇടയാക്കുന്ന രണ്ടാമത്തെ കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത് ‘സ്‌ട്രെസ്’ ആണ്. ആദ്യം സൂചിപ്പിച്ച അനാരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി തന്നെയാണ് ‘സ്‌ട്രെസ്’ അഥവാ കടുത്ത മാനസികസമ്മര്‍ദ്ദങ്ങള്‍ നമ്മളിലേക്ക് കടന്നുവരുന്നത്.
കൃത്യമായ ഭക്ഷണമില്ലാത്തതും, ശരീരത്തിന് ദോഷം ചെയ്യുന്ന തരത്തിലുള്ള ഭക്ഷണം പതിവാക്കുന്നതും, ഉറക്കമില്ലായ്മയും വ്യായാമമില്ലായ്മയും, ജോലിഭാരവും എല്ലാം ‘സ്‌ട്രെസ്’ ഉണ്ടാക്കിയേക്കാം. ഇതിനെ മറികടക്കുകയാണ് ശരീരത്തിന്റെ ആരോഗ്യത്തിന് ആദ്യമായി വേണ്ടത്. ഇതിനും വ്യായാമവും, നടത്തവും, യോഗയുമെല്ലാം ഉപകാരപ്രദമാണ്.
Post Your Comments