ആലപ്പുഴ : ഭൂരിപക്ഷ സമൂഹത്തെ ജാതീയമായി വേർതിരിച്ച് തമ്മിൽ തല്ലിച്ച് ന്യൂനപക്ഷ വോട്ടുകൊണ്ട് നേട്ടം കൊയ്യാമെന്നുള്ള സി.പി.എമ്മിന്റെയും പിണറായി സർക്കാരിന്റെയും വ്യാമോഹം കേരളത്തെ കലാപഭൂമിയാക്കുമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ജനങ്ങളെ പഠിപ്പിച്ച് കേരളത്തിൽ നവോത്ഥാനത്തിന് ആക്കം കൂട്ടിയ ശ്രീ നാരായണ ഗുരുദേവന്റെ മണ്ണിൽ ഭൂരിപക്ഷ സമൂഹത്തെ സവർണ്ണനെന്നും അവർണ്ണനെന്നും വർഗ്ഗീയമായി വേർതിരിച്ച് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാം എന്നുള്ളത് സി.പി.എമ്മിന്റെ വ്യാമോഹമാണ്.
നരേന്ദ്രമോഡി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയാണ് പ്രവർത്തിച്ചിരുന്നത് എങ്കിൽ കേരളത്തിൽ സർക്കാരിന് ഭരിക്കാൻ പോലും ആവുമായിരുന്നില്ല.
കേരളത്തിലെ റോഡു നിർമ്മാണം അടക്കമുള്ള വികസന പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നത് കേന്ദ്ര സഹായത്തോടുകൂടി ആണ് എന്ന സത്യം പിണറായി സർക്കാർ ജനങ്ങളിൽ നിന്നും മറച്ചു വെക്കുന്നു. കേരളത്തിൽ ഭരണത്തിൽ കയറുമ്പോൾ ഖജനാവ് കാലിയായിരുന്നു എന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കും കേരള മുഖ്യനും വികസനത്തിനുള്ള പണം ഖജനാവിൽ എവിടെ നിന്നു വന്നു എന്ന് പറയണം.
ഉൽപ്പാദന മേഖലയിലെ ഒരു വ്യവസായം പോലും കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്നില്ല. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, കൈത്തറി എന്നിവ പാടേ നശിച്ചു. എൺപതുകളിൽ 8 ലക്ഷത്തിൽ പരം ഹെക്ടർ സ്ഥലത്ത് ഉണ്ടായിരുന്ന നെൽകൃഷി ഇപ്പോൾ ഒന്നര ലക്ഷം ഹെക്ടറിൽ താഴെ ആയി കുറഞ്ഞിരിക്കുന്നു. പിന്നെ ഏതു രംഗത്താണ് കേരളം നേട്ടം കൈവരിച്ചത് എന്ന് സർക്കാർ വ്യക്തമാക്കണം.ആചാരങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കി വിശ്വാസി സമൂഹത്തെ ജയിലിൽ അടയ്ക്കുന്ന സി.പി.എമ്മിന് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസികൾ തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ എന്നിവരും സംബന്ധിച്ചു.
Post Your Comments