മധുര: സ്വത്ത് തട്ടിയെടുക്കാനായി മരുമകള്‍ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിനെ തുടര്‍ന്ന് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ കോടതി കയറിയിറങ്ങുകയാണ് ഒരു അമ്മ. സ്ഥലം കൈക്കലാക്കുന്നതിന് വേണ്ടി മരുമകള്‍ മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയതോടെ മരണ സര്‍ട്ടിഫിക്കറ്റ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സംഭവം. എ തോട്ടിയമ്മാളു എന്ന അമ്മയാണ് മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കാന്‍ വേണ്ടി കോടതി കയറിയിറങ്ങിയത്.
കേസില്‍ മരുമകളെയും അവരുടെ മകനെയും കോടതി കക്ഷിചേര്‍ത്തിട്ടുണ്ട്. 2016 സെപ്റ്റംബര്‍ 27ന് മരിച്ചെന്ന രീതിയിലുള്ള തോട്ടിയമ്മാളുടെ മരണ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ കോടതി ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
12 സെന്റ് സ്ഥലമാണ് തോട്ടിയമ്മാളിന് ഉണ്ടായിരുന്നത്. മകന്‍ ദോസിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഒരു മകനെ കൂടാതെ മൂന്ന് പെണ്‍മക്കളും തോട്ടിയമ്മാളിന് ഉണ്ടായിരുന്നു. 2016ല്‍ നടന്ന ഒരു അപകടത്തില്‍ തോട്ടിയമ്മാളിന്റെ മകന്‍ ദോസ് മരണപ്പെട്ടു. എന്നാല്‍, തോട്ടിയമ്മാള്‍ അറിയാതെ തന്നെ ദോസ് സ്ഥലം തന്റെ മകനായ പ്രവീണ്‍ കുമാറിന്റെ പേരില്‍ എഴുതിവെച്ചു. തോട്ടിയമ്മാളിന്റെയും മൂന്ന് പെണ്‍മക്കളുടെയും ഒപ്പ് വ്യാജമായി ഇട്ടായിരുന്നു സ്ഥലം ഇവര്‍ സ്വന്തം പേരിലാക്കിയത്.
ദോസിന്റെ മരണശേഷം നിയമപരമായ അവകാശമുണ്ടെന്ന് കാണിക്കാനായി തോട്ടിയമ്മാള്‍ ജീവിച്ചിരിക്കെ തന്നെ ദോസിന്റെ ഭാര്യ മീനാക്ഷി മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കുകയായിരുന്നു. ചതിക്കപ്പെട്ടതായി അറിഞ്ഞതോടെ തോട്ടിയമ്മാള്‍ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Post Your Comments