കോയമ്പത്തൂര്‍: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ ഓഫീസില്‍ പൊലീസ് പരിശോധന. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി. രണ്ട് പെണ്‍മക്കള്‍ യോഗ സെന്ററില്‍ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് പരിശോധന നടക്കുന്നത്.
കോയമ്പത്തൂര്‍ സ്വദേശിയായ മുന്‍ പ്രൊഫസര്‍ സമര്‍പ്പിച്ച ഹെബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സദ്ഗുരു ജഗ്ഗി വാസുദേവിനോട് പ്രസക്തമായ ചോദ്യങ്ങള്‍ ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. സ്വന്തം മകള്‍ക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനായ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നതെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഇന്നലെ ചോദ്യം ഉന്നയിച്ചത്.
സദ്ഗുരുവിന്റെ മകള്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോള്‍ മറ്റു യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. ഇഷ യോഗ സെന്ററില്‍ തല മൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് യുവതികള്‍ ജീവിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി, സദ്ഗുരു എന്തിനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദിച്ചു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഫൗണ്ടേഷന്‍ ഓഫീസില്‍ പൊലീസ് നടപടി നടത്തുന്നത്.
രണ്ട് പെണ്മക്കള്‍ കുടുംബം ഉപേക്ഷിച്ച് സെന്ററില്‍ ജീവിക്കുന്നു എന്നായിരുന്നു കോയമ്പത്തൂര്‍ സ്വദേശിയുടെ ഹര്‍ജിയിലെ പരാതി. ചില മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി യുവതികളെ അടിമകള്‍ ആക്കിയെന്നും മക്കള്‍ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. ഇഷ ഫൗണ്ടേഷന്‍ ഉള്‍പ്പെട്ട കേസുകളിലെ നടപടികള്‍ അറിയിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments