ഡല്‍ഹി: വോട്ടിങ് മെഷീന്‍ ഹൈജാക്ക് ആരോപണത്തില്‍ അന്വേഷണം ശക്തമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനും യൂറോപ്പിലെ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ആശിഷ് റെയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഹാക്കറാണെന്ന് സ്വയം പ്രഖ്യാപിച്ച് ചില ആരോപണങ്ങള്‍ ഉന്നയിച്ച സെയ്ദ് ഹൂജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. ഇതോടൊപ്പം ദേശീയ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലണ്ടനില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഹൂജ ആരോപണം ഉയര്‍ത്തിയത്. ഉന്നയിച്ച കാര്യങ്ങള്‍ സ്ഥാപിക്കാനായി യാതൊരു തെളിവും ഹാജരാക്കാന്‍ ഹൂജയ്‌ക്കോ പത്രസമ്മേളനത്തിന് വേദിയൊരുക്കിയ യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനോ സാധിച്ചിരുന്നില്ല. വേദിയിലെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യവും സംശയമുണര്‍ത്തി.
വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം ലണ്ടനിലെത്തി അന്വേഷണം ഊര്‍ജിതമാക്കാനാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നീക്കം. ഇതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതായാണ് സൂചന. അസോസിയേഷന്‍ പ്രസിഡന്റ് ആശിഷ് റെയാണ് പത്രസമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ എന്നാണ് യൂറോപ്പില്‍ അശിഷ് റേ അറിയപ്പെടുന്നത്.
രാഹുലിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്ത് കൃത്യമായ അജണ്ട നിശ്ചയിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം തന്നെ ആശിഷിന് സ്വന്തമായുണ്ടെന്നാണ് സൂചന. അനുമതി ലഭിച്ചാല്‍ ഉടന്‍ ആശിഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതോടൊപ്പം ഹാക്കറെന്ന് സ്വയം വിശേഷിപ്പിച്ച ഹൂജയെ വിട്ടുകിട്ടാനുള്ള നടപടികളും വേഗത്തിലാക്കിയേക്കും. ഇപ്പോള്‍ അമേരിക്കയിലാണ് സെയ്ദ് ഹൂജ.
Post Your Comments