ന്യൂഡല്‍ഹി: സിബിഐ മേധാവിയെ നിയമിക്കുന്നതില്‍ വന്ന കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഉദ്യോഗസ്ഥരെ കുറിച്ച് ഒരു വിവരവും നല്‍കാതെയാണ് സെലക്ഷന്‍ സമിതി ചേര്‍ന്നതെന്നും, സര്‍ക്കാരിന്റെ പിഴവുകൊണ്ടാണ് നിയമനം വൈകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനുവരി 31 ന് മുമ്പ് സെലക്ഷന്‍ സമിതി വീണ്ടും ചേരണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
സിബിഐ മേധാവിയെ നിയമിക്കുന്നതിന് ഇന്നലെയാണ് സെലക്ഷന്‍ സമിതി ചേര്‍ന്നത്. നാലുമണിക്കൂറിലധികം നീണ്ടുനിന്നയോഗത്തില്‍ രണ്ട് വിഭാഗമായി 79 പേരുകളാണ് സെലക്ഷന്‍ സമിതി പരിശോധിച്ചു.എന്‍ ഐ എ മേധാവി വൈ സി മോദിയും കേരള പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയുടെ പേരും വരെ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. 1983, 84, 85 ബാച്ചുകളിലായി സിബിഐയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരുകളെല്ലാം സമിതി പരിശോധിച്ചു. ഇതില്‍ 1985 ബാച്ചിലാണ് ലോക്‌നാഥ് ബെഹ്‌റയുടെ പേരും ചര്‍ച്ചക്ക് വന്നത്.
അതേസമയം ഓരോ ഉദ്യോഗസ്ഥരുടെയും വിശദമായ വിവരങ്ങളും അന്വേഷണ രംഗത്തെ പരിചയവും വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇതോടെ തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments