Kerala

കുറിപ്പടിയില്ലാതെ മരുന്ന്: മെഡിക്കൽ ഷോപ്പുകളിൽ പരിശോധന തുടരും

കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നുകൾ ലഭിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ഡ്രഗ് കൺട്രോൾ വിഭാഗവും എക്സൈസ് വകുപ്പും മെഡിക്കൽ ഷോപ്പുകളിൽ പരിശോധന നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയതായി ജില്ലാതല എക്‌സൈസ് ജനകീയ സമിതി യോഗത്തിൽ അറിയിച്ചു. 19 മെഡിക്കൽ ഷോപ്പുകളിലാണ് പരിശോധന നടത്തിയത്. മെഡിക്കൽ ഷോപ്പുകളിലെ പരിശോധനകൾ തുടരും.

ലഹരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷയുടെ കാഠിന്യം വർധിപ്പിക്കണമെന്നും ഇതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കേസിൽനിന്ന് പെട്ടെന്ന് ഒഴിവാകാൻ കഴിയുമെന്ന തോന്നലാണ് വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും അഭിപ്രായമുയർന്നു. ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ജനുവരി 26 ന് എല്ലാ സ്‌കൂളുകളിലും ക്വിസ് മത്സരം സംഘടിപ്പിക്കും.

ഡിസംബറിൽ കേസുകളുടെയും പരിശോധനകളുടെയും എണ്ണം വർധിച്ചു. 712 റെയ്ഡുകളും 37 സംയുക്ത റെയ്ഡുകളുമാണ് നടത്തിയത്. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 471 കേസുകളും 115 അബ്കാരി കേസുകളും 55 എൻഡിപിഎസ് കേസുകളും രജിസ്റ്റർ ചെയ്തു. 27 സ്‌കൂൾ, കോളേജ് ഹോസ്റ്റലുകളിൽ പരിശോധന നടത്തി. 23 ട്രെയിനുകളും അഞ്ച് ലേബർ ക്യാമ്പുകളും പരിശോധിച്ചു.

53 ലിറ്റർ ചാരായം, 193.450 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 484.745 ലിറ്റർ ഇതര സംസ്ഥാന മദ്യം, 3715 ലിറ്റർ വാഷ്, 32.650 ലിറ്റർ ബിയർ, 6.300 ലിറ്റർ അരിഷ്ടം, 899 ഗ്രാം കഞ്ചാവ്, 27.300 ഗ്രാം ഹാഷിഷ് ഓയിൽ, ഒരു ഗ്രാം എൽ എസ് ഡി, 178.640 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ, 468 ലഹരി ഗുളികകൾ എന്നിവ തൊണ്ടിമുതലായി പിടിച്ചെടുത്തു. അബ്കാരി കേസുകളിൽ ഏഴ് വാഹനങ്ങളും എൻ ഡി പി എസ് കേസിൽ ഒരു വാഹനവും പിടിച്ചെടുത്തു. കൂത്തുപറമ്പ് റേഞ്ചിലെ കണ്ണവം, പേരാവൂർ റേഞ്ചിലെ കൊട്ടിയൂർ, ഇരിട്ടി റേഞ്ചിലെ ആറളം, ശ്രീകണ്ഠപുരം റേഞ്ചിലെ കാഞ്ഞിരക്കൊല്ലി, ആലക്കോട് റേഞ്ചിലെ വനാതിർത്തികൾ എന്നിവിടങ്ങളിൽ വനംവകുപ്പുമായി ചേർന്ന് സംയുക്ത റെയ്ഡ് നടത്തി.

യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (എൽ എ) കെ കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ പി കെ സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ വിനോദ് ബി നായർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button