കോട്ടയം: കേരള കോണ്‍ഗ്രസ്(എം) കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ നടത്തുന്ന കേരളയാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം.പി നയിക്കുന്ന യാത്ര. യാത്ര ഫെബ്രുവരി 15-ന് തിരുവനന്തപുരത്തു സമാപിക്കും. 22 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി അധ്യക്ഷത വഹിക്കും. യാത്രയുടെ ഉദ്ഘാടനം, ജാഥാ ക്യാപ്റ്റന് പാര്‍ട്ടിപതാക കൈമാറി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് നിര്‍വഹിക്കും.
ഇരുപത് വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസ് കേരള യാത്രയുമായെത്തുന്നത്. 1998 ല്‍ കെ എം മാണിയാണ് ഒടുവില്‍ കേരളയാത്ര നടത്തിയത്. ലോക്‌സഭാ തെരഞെടുപ്പിന് മുമ്പായി നടത്തുന്ന യാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെയുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നണിയുമായി ഇഴുകിച്ചേരുന്നതിനും കൂടുതല്‍ സീറ്റെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും കേരളാ കോണ്‍ഗ്രസ് യാത്ര വേദിയാക്കിയേക്കും. 14 ജില്ലയിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടത്തും.
Post Your Comments