കണ്ണൂര്‍: തീരമേഖലയില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതിനുള്ള വിലക്കുകളില്‍ വന്‍തോതില്‍ ഇളവുമായി പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം. വികസനപ്രവൃത്തി നിരോധിക്കപ്പെട്ട സി.ആര്‍.ഇസഡ് രണ്ട്, മൂന്ന് വിഭാഗത്തില്‍വരുന്ന മേഖലയില്‍ നിയന്ത്രണത്തിന് വിധേയമായി ടൂറിസം പദ്ധതികള്‍, റിസോര്‍ട്ട് പദ്ധതികള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കും. സി.ആര്‍.ഇസഡ് ഒന്നാം പട്ടികയില്‍ വരുന്ന കണ്ടല്‍ക്കാട് മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി പാര്‍ക്കുകള്‍, മരംകൊണ്ടുള്ള കുടിലുകള്‍ എന്നിവ നിര്‍മിക്കാന്‍ അനുമതി നല്‍കാവുന്നതാണെന്നും പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം വകുപ്പിന്റെ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. ആയിരം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന കണ്ടല്‍ക്കാടാണ് സി.ആര്‍.ഇസഡ് മൂന്ന് വിഭാഗത്തില്‍പ്പെടുക. ഈ കണ്ടല്‍വനത്തിന് 50 മീറ്റര്‍ സംരക്ഷിത മേഖലയുമുണ്ടാകും. ഇക്കോ ടൂറിസം, പൈപ്പ് ലൈന്‍, കേബിള്‍ ലൈന്‍, പ്രിതരോധാവശ്യത്തിനുള്ള പ്രവൃത്തികള്‍ എന്നിവ മാത്രമേ ഈ മേഖലയിലും മൂന്ന് എ യില്‍ വരുന്ന ദേശീയ ഉദ്യാനങ്ങള്‍, മറ്റ് അതീവ പരിസ്ഥിലോല മേഖലകള്‍ എന്നിവിടങ്ങളിലും അനുവദിക്കൂ.
വേലിയേറ്റരേഖയില്‍നിന്ന് 500 മീറ്റര്‍ വീതിയിലുള്ള സ്ഥലം തീരനിയന്ത്രണ മേഖലയായി തുടരും. നഗരപ്രദേശങ്ങള്‍ മുഴുവന്‍ സി.ആര്‍.ഇസഡ് രണ്ടിലാണ് പുതിയ വിജ്ഞാപനപ്രകാരം വരിക. ഇവിടെ 1994-ന് മുമ്പ് റോഡോ അംഗീകൃത കെട്ടിടങ്ങളോ ഉള്ള സ്ഥലംവരെ നിയന്ത്രിത നിര്‍മാണമാവാം. ഒന്‍പത് മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള കെട്ടിടങ്ങള്‍ സാധാരണനിലയില്‍ അനുവദിക്കില്ല.
Post Your Comments