ലക്നൗ: തടവുകാരനെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഉത്തർപ്രദേശിലാണ് സംഭവം. നാലു പോലീസ് ഉദ്യോഗസ്ഥരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തു. എസ്ഐ രാംസേവക്, കോൺസ്റ്റബിൾമാരായ അനൂജ് ധാമ, നിതിൻ റാണ, രാമചന്ദ്ര പ്രജാപതി തുടങ്ങിയവരെയാണ് സസ്‌പെൻഡ് ചെയ്തത്. കൃത്യവിലോപം നടത്തിയതിനാണ് നടപടിയെന്ന് ലക്‌നൗ പോലീസ് വ്യക്തമാക്കി.
റിഷഭ് റായി എന്ന പ്രതിയെയാണ് ഇവർ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ വർഷം ജൂണിലാണ് ഇയാൾ ആയുധ നിയമത്തിന്റെ പേരിൽ അറസ്റ്റിലായത്. എന്നാൽ റായിക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 7 ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ കോടതി അനുമതി നൽകിയിരുന്നു. റായിയെ ആശുപത്രിയിൽ എത്തിക്കാനും വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുവരാനും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് പോലീസുകാർ പ്രതിയെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോയത്.
ഇതിന്റെ വീഡിയോ എടുത്ത് പ്രതി തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
Post Your Comments