
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ കഴിഞ്ഞ ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കരേക്കാട് കാടാമ്പുഴ മജീദ്കുണ്ട് പുതുവള്ളി ഉണ്ണീന്റെ മകന്‍ ഫസല്‍ റഹ്മാനെയാണ് ചട്ടിപ്പറമ്പ് ടൗണില്‍ സ്വകാര്യ മാളിന്റെ ഇരുമ്പഴികള്‍ കൊണ്ട് നിര്‍മിച്ച കോണിപ്പടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേബിളില്‍ സിമന്റ് കട്ടകള്‍ കെട്ടിയ ശേഷം കഴുത്തില്‍ കുടുക്കിട്ട് ഇരുമ്പഴിക്കുള്ളിലൂടെ താഴെക്കിട്ട അവസ്ഥയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Read Also: അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര്‍ കസ്റ്റഡിയില്‍
വ്യാഴാഴ്ച വൈകീട്ടോടെ കാണാതായ യുവാവിനായി ഊര്‍ജിതമായി അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. യുവാവ് സ്വയം ജീവനൊടുക്കിയതാവാമെന്ന സാധ്യതക്കൊപ്പം മറ്റെല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തോളമായി ദുബായിലായിരുന്നു ഫസല്‍ റഹ്മാന്‍. 10 മാസം മുമ്പ് നടന്ന വിവാഹശേഷം ദുബായിലേക്ക് മടങ്ങി. മൂന്ന് മാസം മുമ്പാണ് വീണ്ടും നാട്ടിലെത്തിയത്. മരണവാര്‍ത്തയറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വന്‍ ജനക്കൂട്ടമാണ് സംഭവ സ്ഥലത്തെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Post Your Comments