സുഹൃത്തിനെ കൊന്ന് 200 കഷ്ണങ്ങളാക്കി ടോയ്‌ലറ്റ് വഴി ഫ്ലഷ് ചെയ്തയാൾ പിടിയിൽ. മാംസവും എല്ലുകളും ഡ്രെയ്നേജ് സംവിധാനത്തിൽ അടിഞ്ഞുകൂടി തടസ്സപ്പെട്ടതിനെത്തുടർന്നാണു വിഷയം ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തെത്തുടർന്നു മുംബൈ സാന്താക്രൂസ് സ്വദേശിയായ പിന്റു ശർമയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയ്ക്കു പുറത്ത് വിരാർ സ്വദേശിയായ ഗണേഷ് കോൽഹാദ്കർ (58) ആണു കൊല്ലപ്പെട്ടത്.
വൈകി വിവാഹം കഴിക്കാൻ ഒരുങ്ങിയ കോൽഹാദ്കർ ശർമയിൽനിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 40,000 രൂപ ഇയാൾ തിരിച്ചുനൽകി. ഡിസംബർ 16ന് ശർമയും കോൽഹാദ്കറും വിരാറിലെ കോൽഹാദ്കറുടെ വസതിയിൽ വച്ച് കണ്ടു. വൈകി വിവാഹം കഴിക്കുന്നതിൽ കോൽഹാദ്കറെ ശർമ പരിഹസിച്ചു. ഭാര്യയ്ക്കു അവിഹിത ബന്ധമുണ്ടായേക്കാമെന്നും ആരോപിച്ചു.
ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ശർമ പിടിച്ചുതള്ളിയതിനെത്തുടർന്നു ഭിത്തിയിലിടിച്ചു വീണ കോൽഹാദ്കർ ഉടനടി മരിച്ചു. ഇതേത്തുടർന്നാണു മൃതദേഹം ക്രൂരമായി വെട്ടിനുറുക്കാൻ ശർമ തീരുമാനിച്ചത്.
ഹാക്സോ ബ്ലേഡ് വാങ്ങിവന്ന ശർമ, കോൽഹാദ്കറുടെ ശരീരം നാലു ദിവസം കൊണ്ട് 200 കഷ്ണങ്ങളാക്കി മുറിച്ചു. തുടർന്നു ചെറിയ കഷ്ണങ്ങൾ ടോയ്‌ലറ്റിലൂടെ ഫ്ലഷ് ചെയ്തു. വലിയവ സാന്താക്രൂസിലെ തന്റെ വീട്ടിലേക്കുള്ള യാത്രയിൽ ലോക്കൽ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞു. ടോയ്‌ലറ്റു വഴി ഫ്ലഷ് ചെയ്തവ കെട്ടിടത്തിന്റെ ഡ്രെയ്നേജ് സംവിധാനത്തിൽ അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ചു. ഇവ വൃത്തിയാക്കാനായി ശുചീകരണ തൊഴിലാളികൾ എത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. അതേസമയം, അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നു പൊലീസ് അറിയിച്ചു.
Post Your Comments