KeralaLatest NewsNews

ഫെബ്രുവരിയോടെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാവുമെന്ന് കെ.സുരേന്ദ്രന്‍

തൃശ്ശുര്‍: ഫെബ്രുവരി രണ്ടാം വാരത്തോടെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്‌സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുണ്ട്. മലപ്പുറം, പൊന്നാനി സീറ്റുകളില്‍ ജയിക്കാമെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിഡിജെഎസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എന്‍ഡിഎയിലോ ബിജെപിയിലോ സീറ്റിനായി അടിപിടി ഉണ്ടാവില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ട്രയല്‍ റണ്‍ ആണ് ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഫെബ്രുവരി 5 നകം എല്ലാ ബൂത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. എന്റെ കുടുംബം, ബി ജെ പി കുടുംബം എന്ന പ്രചാരണ പരിപാടി സംസ്ഥാന വ്യാപകമായി നടത്തും. അമിത് ഷാ, രവി ശങ്കര്‍ പ്രസാദ് ,നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കടുക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് അങ്ങേയറ്റം ക്രൂരമായാണ് പെരുമാറുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച്ച മൂലം അമൃത് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട ആയിരം കോടി രൂപയോളം നഷ്ടമായി. പ്രളയാനന്തര കേരളത്തില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കാതെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തോളം കേരള ജനതയെ സര്‍ക്കാര്‍ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button