കൊച്ചി: അഭിമന്യുവിന്റെ മരണത്തിനുശേഷം ശാന്തമായിരുന്ന മഹാരാജാസ് കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. കഴിഞ്ഞ രണ്ടു ദിവസമായി ക്യാമ്പസില്‍ തുടരുന്ന എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കെഎസ് യു പ്രവര്‍ത്തകനായ കൃഷ്ണലാലിന് കഴിഞ്ഞദിവസം പരിക്കേറ്റതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ലോ കോളജില്‍നിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള സംഘമെത്തി കൃഷ്ണലാലിനെ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‌യു പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് കെഎസ്യു ചൊവ്വാഴ്ച ക്യാമ്പസില്‍ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പരീക്ഷകള്‍ നടക്കുന്നതിനിടെ സമരം നടത്താനാവില്ലെന്ന നിലപാടിലായിരുന്നു എസ്എഫ്‌ഐ. ഇതോടെ വീണ്ടും സംഘര്‍ഷമായി .
സംഘര്‍ഷത്തെക്കുറിച്ച് അറിഞ്ഞെത്തിയ എറണാകുളം സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ക്യാമ്പസിന് അകത്തുകടന്നെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. പരിക്കേറ്റ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെഎസ് യു പ്രവര്‍ത്തകരെ ആരും മര്‍ദ്ദിച്ചിട്ടില്ല എന്നും മദ്യപിച്ച് ക്ലാസില്‍ എത്തിയ വിദ്യാര്‍ത്ഥികളെ മറ്റു വിദ്യാര്‍ത്ഥികള്‍ തടയുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്തെന്നും പരാതിയുണ്ട്. ക്യാമ്പസ് ഫണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഭിമന്യുവിനൊപ്പം പരിക്കേറ്റ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത് എന്നാരോപിച്ച് തെളിവായി കെഎസ് യു ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments