നമ്മുടെ കുട്ടികള്‍ എങ്ങോട്ട്. സാക്ഷര കേരളത്തിനു കളങ്കം തീര്‍ത്ത് വിദ്യാര്‍ഥി സമൂഹം. ഇതാണോ നമ്മുടെ കലായല സംസ്കാരം. മാതാ പിതാ ഗുരു ദൈവം എന്ന് ചൊല്ലിപ്പഠിച്ച കുട്ടികള്‍ ഇന്ന് ഗുരുവിനു ആദരാഞ്ജലി അർപ്പിച്ച് അധിക്ഷേപിക്കുന്നു. ഒരുജന്മംകൊണ്ടു പോലും കൊടുത്തുതീർക്കാനാവാത്ത ഗുരുദക്ഷിണയുടെ മൂല്യം തിരിച്ചറിയാതെ, ചില വിദ്യാർഥികൾ ഗുരുനിന്ദ നടത്തുമ്പോൾ തലക്കുനിക്കണം കേരളീയര്‍. കാരണം ഇത് ഒരു കൂട്ടം വിദ്യാര്‍ഥികളുടെ പ്രവര്‍ത്തി മാത്രമല്ല. പൊതു സമൂഹത്തിനും ആ തെറ്റിന് പങ്കുണ്ട്.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ വനിതാ പ്രിൻസിപ്പലിനുള്ള യാത്രയയപ്പു ചടങ്ങിനിടെ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു ക്യാംപസിൽ പോസ്റ്റർ പതിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ‘വിദ്യാർഥി മനസ്സിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ. ദുരന്തം ഒഴിയുന്നു – ക്യാംപസ് സ്വതന്ത്രമാകുന്നു– നെഹ്റുവിന് ശാപമോക്ഷം’ എന്നാണു പോസ്റ്ററിലെഴുതിയിരുന്നത്. 33 വർഷം ആ കോളജിൽ അധ്യാപികയായിരുന്ന ഡോ. പി.വി.പുഷ്പജയുടെ യാത്രയയപ്പു ചടങ്ങിനിടെയാണു സംഭവം. പോസ്റ്റർ പതിച്ചതിനു പുറമെ, യാത്രയയപ്പു യോഗം നടക്കുന്നതിനിടെ ക്യാംപസിൽ പടക്കം പൊട്ടിക്കുകയും ചെയ്തു, ചില വിദ്യാർഥികൾ. ആദരാഞ്ജലി അർപ്പിച്ചത് എസ്എഫ്ഐ ആണെന്നു ഡോ. പുഷ്പജ പറയുമ്പോൾ പോസ്റ്ററുമായോ പടക്കം പൊട്ടിച്ചതുമായോ തങ്ങൾക്കു ബന്ധമില്ലെന്നാണ് ആ സംഘടനയുടെ നിലപാട്. എന്നാല്‍ പഠിക്കുക പോരാടുക എന്ന മുദ്രാ വാക്യം പേറുന്ന വിദ്യാര്‍ഥി പ്രസ്ഥാനക്കാര്‍ പോലും ഇങ്ങനെ പെരുമാറിയാല്‍ എന്താകും കേരളീയ കലാലയ സംസ്കാരം.
ജീവിതത്തിലെ നല്ലൊരു പങ്കും മികച്ച പൌരന്മാരെ വാര്‍ത്തെടുക്കാന്‍ ഉദ്യമിച്ച ഒരു അധ്യാപികയ്ക്ക് വിദ്യാര്‍ഥികള്‍ നല്‍കേണ്ട ഗുരുദക്ഷിണ ഇതാണോ? അധ്യാപികയുടെ മികവ് എന്തോ ആകട്ടെ, പഠിപ്പിക്കാന്‍ മോശമോ, ചിലപ്പോള്‍ കോളേജില്‍ സ്ട്രിക്റ്റോ ആയതോ… അങ്ങനെ എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍ തന്നെ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതിനെ ന്യായീകരിക്കാന്‍ സാധിക്കുമോ? താനിത്രകാലം പഠിപ്പിച്ച കലാലയത്തിൽനിന്ന് യാത്ര പറയുമ്പോള്‍ ആ അധ്യാപിക ആഗ്രഹിച്ചത് ഇങ്ങനെ ഒരു മടക്കം ആകുമോ? അതാണോ അവര്‍ അർഹിക്കുന്നത്? തന്റെ ശിഷ്യരെ അനന്തമായ അറിവുകളിലേക്ക് ആനയിക്കുന്ന ഗുരുക്കന്മാരോടുള്ള ഇത്തരം ഗുരു നിന്ദ കേരളത്തില്‍ ഇത് ആദ്യമായല്ല.
2016ൽ പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരുസംഘം വിദ്യാർഥികൾ അവർക്കു കുഴിമാടമാണ് ഒരുക്കിയത്. എന്നാല്‍ വിരമിച്ച പ്രിൻസിപ്പലിനു വിദ്യാർഥികൾ ഒരുക്കിയതു കുഴിമാടമല്ലെന്നും അത് ‘ആർട് ഇൻസ്റ്റലേഷനായി’ (പ്രതിഷ്ഠാപന കല) കാണണമെന്നുമാണു മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമായ എം.എ.ബേബി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് കേസില്‍ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതീകാത്മക കുഴിമാടം നിർമിച്ചു റീത്ത് വച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയുമുണ്ടായി. ഈ ഒരു വിഷയം ഒന്ന് തണുത്തിരുന്നപ്പോയാണ് എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. കഴിഞ്ഞവർഷമാദ്യം എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ഈ അതിക്രമം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രതിഷേധത്തിനു കാരണമാവുകയുണ്ടായി. പ്രിൻസിപ്പലിന്റെ മുറിയിലെ കസേര പ്രധാന ഗേറ്റിനടുത്തെത്തിച്ചാണു കത്തിച്ചത്. പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐയും ഇടതുപക്ഷ അധ്യാപക സംഘടനയും നടത്തിവരുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായിട്ടായിരുന്നു കസേര കത്തിക്കൽ. എന്തു കാരണത്തിന്റെ പേരിലായാലും, ഗുരുനാഥ ഇരിക്കുന്ന കസേര കത്തിച്ചതിലുള്ള സൂചന ആശങ്കാജനകവും പൊതുസമൂഹത്തെ ആകുലപ്പെടുത്തുന്നതുമായി. ഇപ്പോള്‍ ഇതാ കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ ആദരാഞ്ജലി പോസ്റ്റര്‍. ഇതാണോ നമ്മുടെ സംസ്കാരം?
സര്‍ഗ്ഗാത്മകതയുടെ വിളനിലമായിരുന്ന ക്യാമ്പസുകള്‍ ഇന്ന് രാഷ്ട്രീയ ചുവടു വയ്പ്പിന്റെയും പ്രതിഷേധത്തിന്റെയും ഇടമായി മാത്രം ചുരുങ്ങുകയും അക്രമ, അരാജകത്വ വാസനകളിൽ പുതു തലമുറ അഭിരമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം ഒരു പുതു തലമുറയെ ആണോ ഉന്നത വിദ്യാഭ്യാസത്തിലൂടെ നമ്മള് വാര്‍ത്തെടുക്കേണ്ടത്! അവരെക്കൊണ്ട് സമൂഹത്തിനു എന്താണ് പ്രയോജനം… ഇവരെ ഇതില്‍ നിന്നും മോചിപ്പിക്കാനും നേര്‍വഴി കാട്ടിക്കൊടുക്കാനും അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം രാഷ്ട്രീയനായകരും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എന്ത് ചെയ്താലും രക്ഷിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാകുമെന്ന തോന്നല്‍ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകാന്‍ പാടില്ല.. തോന്നിയപടി പ്രവർത്തിക്കുന്ന വിദ്യാർഥികളെ നേര്‍വഴിയ്ക്ക് നയിക്കാന്‍ ഉത്തരവാദിത്തബോധമുള്ള വിദ്യാർഥി സംഘടനാ നേതൃത്വങ്ങൾ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ആരാജകത്വമുള്ള ഒരു സമൂഹമല്ല നമുക്ക് വേണ്ടത്.
സാക്ഷര കേരളത്തില്‍ ഇനിയും ഇത്തരം ഗുരുനിന്ദ നടക്കരുത്. മറ്റു സംസ്ഥാനങ്ങളില്‍ സാക്ഷരതയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും പേരില്‍ ഊറ്റം കൊള്ളുന്ന കേരളീയ ജനതയുടെ തലതാഴുകയാണിവിടെ. കേരളത്തിനുതന്നെ അപമാനകരമായ ഇത്തരം നിർഭാഗ്യസംഭവങ്ങൾ ആവർത്തിക്കപ്പെട്ടുകൂടാ. ഏറ്റവും മൂല്യമുള്ള സൽപ്രവൃത്തികളിലൊന്നാണ് അധ്യാപനം. അവരുടെ മൂല്യവും മഹത്വവും ആദ്യം തിരിച്ചറിയേണ്ടത് വിദ്യാര്‍ത്ഥികളാണ്. അത് അവര്‍ക്ക് സാധിച്ചില്ലെങ്കില്‍ മറ്റാര്‍ക്ക് കഴിയും. വരും തലയുടെ കൈകളിലാണ് നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വളര്‍ച്ചയും പുരോഗതിയും. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന മികച്ച ഉദ്യമം നടത്തുന്ന അധ്യാപകരെ മറന്നുതുടങ്ങിയാൽ കാലം അവര്‍ക്ക് മാപ്പു കൊടുക്കില്ല……. നന്മയുടെ പുതുപാഠങ്ങള്‍ പഠിപ്പിച്ച്, അറിവിന്റെ അനന്ത സാധ്യതകളിലൂടെ ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് വെളിച്ചവും വഴിയും പ്രധാനം ചെയ്യുന്നവരാണ് അധ്യാപകര്‍.. ഓര്‍ക്കുക ഒരു പരിഹാര ക്രിയയിലും തീരുന്നതല്ല ഗുരുനിന്ദ..
Post Your Comments