ന്യൂഡൽഹി: വോട്ടിംഗ് യാത്രം ഹാക്ക് ചെയ്‍തെന്ന ആരോപണം നിഷേധിച്ച് ബിജെപി. തോൽവി മുന്നിൽ കണ്ടുള്ള കോൺഗ്രസിന്‍റെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിൽ എന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. കോൺഗ്രസ് നേതാവ് കപിൽ സിബലിന്‍റെ ലണ്ടനിലെ സാന്നിദ്ധ്യം ഗൂഢാലോചനയുടെ പ്രത്യക്ഷ തെളിവാണ്. ഇന്ത്യൻ മാധ്യമപ്രവർത്തകർ ഒരുക്കിയ ചടങ്ങിലായിരുന്നു ഹാക്കർ മുഖം മറച്ചെത്തിയത്.
അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഹൈദരാബാദ് സ്വദേശിയായ സയിദ് ഷൂജയാണ് ലണ്ടനിൽ വാർത്താ സമ്മേളനം നടത്തി ഇക്കാര്യം ആരോപിച്ചത്. വോട്ടിംഗ് മെഷനിലെ കൃത്രിമത്യം പരിശോധിക്കാൻ കമ്മീഷൻ വെല്ലുവിളിച്ചപ്പോൾ ആരും മുന്നോട്ട് വന്നിരുന്നില്ല. തെളിവ് നൽകാതെ ആരോപണം മാത്രം ഉന്നയിക്കുന്നത് ബിജെപിയുടെ വിജയം മുന്നിൽ കണ്ടുകൊണ്ടാണെന്നും അമിത് മാളവ്യ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
2014 പൊതുതെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നുവെന്ന ആരോപണവുമായാണ് ഹാക്കർ എന്നവകാശപ്പെടുന്നയാൾ രംഗത്തെത്തിയത്. 2014 -ൽ യുപിഎ സർക്കാരിന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഡൽഹി തെരഞ്ഞെടുപ്പിൽ ഹാക്കിംഗ് നിർത്തി വച്ചിരുന്നുവെന്നും അതിനാലാണ് ആപ്പ് അധികാരത്തിലെത്തിയതെന്നും ഇയാൾ ആരോപിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും പത്രസമ്മേളനത്തിലുണ്ടായിരുന്നു.
പല സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് മെഷീനിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും ഹാക്കിംഗിനായി ചില രാഷ്ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിരുന്നുവെന്നും സയിദ് ഷൂജ ആരോപിക്കുന്നു. വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നുന്ന ദൃശ്യങ്ങളും ഷൂജ പുറത്തുവിട്ടു.അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന മെഷീനുകൾ പുറത്തൊരാൾക്ക് ലഭിക്കുക എന്നത് അസാധ്യമാണ്. അപ്പോൾ ഇയാൾ പ്രദർശിപ്പിച്ചത് ഏത് മെഷീനാണെന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.
നേരത്തെ, വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിരുന്നു. കൂടാതെ ആരോപണം ഉന്നയിക്കുന്നവർക്ക് ഇക്കാര്യം തെളിയിക്കുന്നതിനായി കമ്മീഷൻ അവസരം നൽകിയിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഇത് തെളിയിക്കാനായിരുന്നില്ല.ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
Post Your Comments