തിരുവനന്തപുരം•ലോകാരാദ്ധ്യയായ മാതാ അമൃതാനന്ദമയി ദേവിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. അമ്മയുടെ ബ്രഹ്മചര്യത്തെ അവഹേളിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ ചെയ്തത്. സ്വന്തം സഹപ്രവർത്തകരുടെ ഭാര്യമാരെയും മക്കളെയും വരെ ലൈംഗികമായി ഉപയോഗിച്ച പാരമ്പര്യമുള്ളവരാണ് കേരളത്തിലെ സിപിഎമ്മുകാർ. കമ്മ്യൂണിസ്റ്റുകൾ വിഗ്രഹങ്ങളായി ആരാധിക്കുന്ന പല നേതാക്കൻമാരുടേയും ഒളിവു ജീവിതം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഭരണകൂടത്തിന്റെ വേട്ടയാടലിൽ നിന്ന് നേതാക്കൻമാരെ രക്ഷിച്ചതിന് പലർക്കും കിട്ടിയ പ്രതിഫലം പുറത്തു പറയാൻ സാധിക്കാത്തതാണ്. ഇതിന് അവസരം നഷ്ടമായപ്പോഴാണ് ഇപ്പോഴത്തെ നേതാക്കൻമാരിൽ പലരും മതിലു ചാട്ടം ശീലമാക്കിയത്. അങ്ങനെയുള്ളവർക്ക് ബ്രഹ്മചര്യം, തപസ്സ് എന്നൊക്കെ പറഞ്ഞാൽ മനസ്സിലാകില്ല.
എങ്കിലും പാർട്ടി സെക്രട്ടറി ഇത്തരത്തിൽ അധ:പതിക്കാൻ പാടില്ല. സഹപ്രവർത്തകയെ പീഡിപ്പിച്ച എംഎൽഎയെ പുറത്താക്കണമെന്ന് മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ വരെ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്ത പാർട്ടി സെക്രട്ടറിയാണ് താനെന്ന് കോടിയേരി മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വികാര പ്രകടനമാണ് പുത്തരിക്കണ്ടം മൈതാനിയിൽ കണ്ടത്. ശബരിമല യുവതി പ്രവേശ വിഷയത്തിൽ ഒരു ഹിത പരിശോധനയ്ക്ക് സർക്കാര്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം. വർഗ്ഗ രഹിത സമൂഹമെന്ന് വാദിച്ചിരുന്നവർ ഇന്ന് ജാതീയമായ വേര്‍തിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. വോട്ടുബാങ്ക് സൃഷ്ടിക്കാൻ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണം. വിശ്വാസികൾക്കിടയിൽ ഭേദചിന്തയില്ലെന്ന തെളിവാണ് കഴിഞ്ഞ 4 മാസമായി കേരളത്തിലെ തെരുവുകളിൽ കണ്ട ജനമുന്നേറ്റം. ഇത് മനസ്സിലാക്കാതെ തരംതാണ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് സിപിഎം നേതാക്കൾ പിന്മാറണമെന്നും പി പി മുകുന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Post Your Comments