Latest NewsKeralaIndia

ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

കായംകുളം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യാഗിക സംഘമായ സി20-യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായാണ് ഈ തുക ചിലവഴിക്കുക. സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ സമിതിയായ സി20-.ന്റെ വെര്‍ച്വല്‍ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

നിയമനിര്‍മാണത്തിലൂടെയോ ചര്‍ച്ചകളിലൂടെയോ മാത്രം സുസ്ഥിരവികസനം സാധ്യമാകില്ലെന്നും അതിന് നമ്മുടെ നിലപാട് കൂടി മാറേണ്ടതുണ്ടെന്നും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കവേ സി20 സമിതി അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ അധ്യക്ഷത ഭാരതത്തിന് ലഭിച്ച ചരിത്രപ്രധാനമായ അവസരമാണ്. സി 20യുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏല്‍പ്പിച്ചിരിക്കുന്നത്.

ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നുള്ള ‘വസുദൈവ കുടുംബകം’ എന്ന സന്ദേശം നല്‍കിയവരാണ് ഭാരതത്തിലെ ഋഷിവര്യന്‍മാര്‍. അതു കൊണ്ടു തന്നെ ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 സമ്മേളനത്തിന്റെ ആശയം വളരെ അനുയോജ്യമാണ്. ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ. രാജ്യത്തിന്റെ വികസനത്തിനായുള്ള ശക്തികള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ പ്രകൃതിയെന്ന ശക്തിയെയും നമ്മള്‍ ശ്രദ്ധിക്കണം.

പരിസ്ഥിതി സംരക്ഷണം കൂടാതെയുള്ള വികസനം അസന്തുലിതമായിരിക്കും. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍ അവന്റെ മനസ്സില്‍ സൃഷ്ടിക്കുന്ന ദുഷിച്ച കാലാവസ്ഥയുടെ പ്രതിഫലനമാണ്. എന്റേത് എന്ന ചിന്തയിലേക്ക് നീങ്ങുന്നതോടെ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യന്‍ തന്നെയായി മാറുകയാണെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button