കോഴിക്കോട്: പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്കു കല്ലെറിഞ്ഞ കേസില്‍ സിപിഎം പ്രവര്ത്തകന് ജാമ്യം കിട്ടാന്‍ എഫ് ഐ ആര് തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ഉള്‍പ്പെടെ പോലീസിനെ ഭീഷണിപ്പെടുത്തി നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. പള്ളിക്കു നേരെ കല്ലെറിഞ്ഞു പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ചെന്നിത്തല കോഴിക്കോട് പേരാമ്പ്രയില്‍ പറഞ്ഞു.
ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കല്ലേറുണ്ടായ പേരാമ്പ്ര ജുമാമസ്ജിദില്‍ രാവിലെ പതിനൊന്നരയോടെയായിരുന്നു പ്രതിപക്ഷനേതാവിന്റെ സന്ദര്‍ശനം. മഹല്ല് കമ്മറ്റി ഭാരവാഹികളുമായി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി. പള്ളിക്കു കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് ജാമ്യം ലഭിക്കാന്‍ സിപിഎം ഉന്നത നേതൃത്വം ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പള്ളിക്കു കല്ലെറിഞ്ഞ സംഭവത്തില്‍ പരാതി നല്കിയ മഹല്ല് കമ്മറ്റി ഭാരവാഹികളെ സിപിഎം ഭീഷണിപ്പെടുത്തുന്നു. എഫ് ഐ ആര് തിരുത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സംഘര്‍ഷത്തിനിടെ കല്ലേറുണ്ടായ മുസ്ലിം ലീഗ് ഓഫീസും പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു.
Post Your Comments