Latest NewsKeralaOman

വിമാനയാത്രാക്കൂലി: പ്രവാസികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍

കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്, വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കാ റൂട്ട്സ് യാത്രാ ഇളവ് പദ്ധതിക്ക് രൂപം നല്‍കിതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒമാൻ എയറിന്റെ വിമാനങ്ങളിലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും യാത്രാനിരക്കിൽ ഏഴ് ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. യാത്ര നിരക്കിൽ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ്, കുവൈറ്റ്, ഖത്തർ എന്നീ എയർ ലൈൻ കമ്പനികളുമായും ചർച്ച പുരോഗമിക്കുകയാണ്. ഇതിൽ ഖത്തർ എയർവേയ്സുമായി ഈ മാസം തന്നെ കരാർ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. യുഎഇയിൽ 2018 ആഗസ്റ്റ് ഒന്ന് മുതൽ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ 300ലധികം മലയാളികളെ സൗജന്യമായി നാട്ടിലെത്തിച്ചു. സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇവരെ നാട്ടിലെത്തിച്ചത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ച്, മോചിതരായവർക്ക് നാട്ടിൽ എത്താൻ സഹായിക്കുന്ന സ്വപ്ന സാഫല്യം പദ്ധതിക്കും സർക്കാർ തുടക്കം കുറിച്ചു. ജയിൽ ശിക്ഷക്ക് ശേഷം ജന്മനാട്ടിൽ തിരികെയെത്താൻ കഴിയാതെ പ്രതീക്ഷയറ്റവർക്ക് തങ്ങളുടെ ഉറ്റവരുടെ അടുത്ത് മടങ്ങിയെത്താൻ സഹായിക്കുന്നതാണ് ഈ പദ്ധതി. ചെറിയ കുറ്റകൃത്യങ്ങളിൽപ്പെട്ട് വിദേശത്തെ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്ക് മതിയായ നിയമ സഹായം ലഭ്യമാക്കുവാൻ പദ്ധതി തയ്യാറാക്കി. പ്രവാസി നിയമ സഹായ സെൽ എന്ന പദ്ധതിയുടെ കീഴിൽ ലീഗൽ ലൈസൺ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ നോർക്ക റൂട്ട്സ് പ്രവാസികൾക്കായി സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസും ആരംഭിച്ചു. ഇതുവരെ അമ്പത് പേര്‍ക്ക് ഈ പദ്ധതിയിലൂടെ സൗജന്യസേവനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button