പറവൂര്‍: നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ വളർത്താൻ നിവർത്തിയില്ലാത്തതിനാൽ നേപ്പാളി ദമ്പതികൾ കുട്ടിയെ ഉപേക്ഷിക്കാനൊരുങ്ങി. സംഭവം അറിഞ്ഞതോടെ നഗരസഭാധികൃതരും പോലീസും ഇടപെട്ടു കുട്ടിയെയും അമ്മയെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പിച്ചു.നേപ്പാള്‍ സ്വദേശി ലോഗ് ബഹദൂറിനും ഭാര്യ ജാനകിയ്ക്കുമാണു നാലാമതും പെണ്‍കുഞ്ഞു ജനിച്ചത്.
മൂന്നു പെണ്‍കുട്ടികളുണ്ടായിരുന്നു മുമ്പ് ഇവർക്ക് അതില്‍ ഇളയ കുഞ്ഞിന് രണ്ടര വയസ് പ്രായമേയുള്ളൂ. ചാലാക്കയിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നയാളാണു ലോഗ് ബഹദൂര്‍. വര്‍ഷങ്ങളായി മുനമ്പത്താണു താമസിക്കുന്നത്.ജാനകി വീണ്ടും ഗര്‍ഭിണി ആയപ്പോള്‍ ഇവര്‍ ചെറായിയിലെ ഒരു ഡോക്ടറെ കാണുകയും എന്തു കുട്ടിയാണെന്ന് അന്വേഷിക്കുകയും ചെയ്തു. ഡോക്ടര്‍ ആണ്‍കുട്ടിയാണെന്നു പറഞ്ഞെന്നാണു ലോഗ് ബഹദൂര്‍ പറയുന്നത്.
ബുധനാഴ്ച വീട്ടില്‍ വച്ചാണു ജാനകി പ്രസവിച്ചത്. പെണ്‍ കുഞ്ഞാണെന്ന് അറിഞ്ഞതോടെ ലോഗ് ബഹദൂറും ജാനകിയും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമം തുടങ്ങി. ഇതറിഞ്ഞ ആശാ വര്‍ക്കര്‍മാര്‍ കുടുംബത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍, കുട്ടിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയാറായില്ല. തന്റെ വരുമാനം കൊണ്ടു നാല് പെണ്‍കുഞ്ഞുങ്ങളെ പോറ്റാനാവില്ലെന്നാണു ലോഗ് ബഹദൂര്‍ പറഞ്ഞത്. കാക്കനാടുള്ള ചൈല്‍ഡ് ഹോമിലേക്കു കുട്ടിയേയും അമ്മയെയും മാറ്റി. ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും.
Post Your Comments