
ഭുവനേശ്വര്‍: ഒഡീഷയില്‍ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാളില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് മരിച്ച വിദ്യാര്‍ത്ഥിനി അധികൃതരെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പ്രതിഷേധിച്ച നേപ്പാള്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളോട് നാട്ടിലേക്ക് പോകാന്‍ സര്‍വ്വകലാശാല അധികൃതര്‍ നിര്‍ദ്ദേശിച്ചു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ത്ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥിനി മരിച്ചതും, മറ്റു വിദ്യാര്‍ത്ഥികളെ ബലമായി ഒഴിപ്പിച്ചതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ തുടങ്ങിയെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി പറഞ്ഞു. കാര്യങ്ങള്‍ അറിയാന്‍ ഒഡീഷയിലേക്ക് രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി നേപ്പാള്‍ എംബസി അറിയിച്ചു.
നേപ്പാള്‍ ഇടപെടല്‍ ഉണ്ടായതോടെ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളോട് സര്‍വകലാശാലയിലേക്ക് തിരികെ വരാന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി.
Post Your Comments