ചണ്ഡീഗഢ്: ബിരുദ ദാന ചടങ്ങിനെത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ തലകുനിച്ച് വണങ്ങണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. മന്ത്രിക്ക് മുന്നില്‍ ശിരസ്സ് താഴ്ത്തി വണങ്ങാന്‍ കോളേജ് അധികൃതര്‍ നല്‍കിയ സര്‍ക്കുലര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ചിലെ (PGIMER)വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായാണ് ജെ പി നദ്ദ എത്തുന്നത്. ഫെബ്രുവരി 4ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ സീറ്റുകളിലേക്ക് പോകുന്നതിന് മുമ്പ് മുഖ്യാതിഥിയുടെ മുന്നിലും ഡയരക്ടറുടെ മുന്നിലും ശിരസ്സ് വണങ്ങണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
എന്നാല്‍ ഈ നിര്‍ദ്ദേശം നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേര്‍സ് പ്രസിഡന്റ് ഡോക്ടര്‍ ഉത്തം താക്കൂര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ബഹുമാനം കൊണ്ട് വണങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കേണ്ടതല്ല. ഡയറക്ടര്‍ ബോര്‍ഡുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യാതിഥിയായി എത്തിയപ്പോഴും സമാനമായ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. ‘രാഷ്ട്രപതി മുഖ്യാതിഥി ആയി എത്തുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ഒരാളുടെ മുന്നില്‍ ശിരസ്സ് വണങ്ങണമെന്ന് അവര്‍ പ്രത്യേകം ആവശ്യപ്പെടാന്‍ പാടില്ല’- ഫെബ്രുവരി നാലിന് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാനിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
എന്നാല്‍ ഈ ആവശ്യത്തില്‍ അപാകതയൊന്നും ഇല്ലെന്ന് സ്ഥാപനത്തിന്റെ മുന്‍ സബ് ഡീന്‍ കെ എല്‍ എന്‍ റാവു പറഞ്ഞു. മുഖ്യാതിഥിയെ ബഹുമാനിക്കുന്നതില്‍ അപാകതയൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments