തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ സേനയിലെ ഉന്നതര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
നാളെ വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെനിന്ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കും. തുടര്‍ന്ന് 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആശ്രമം മൈതാനത്ത് പ്രത്യേക ഹെലിപാഡ് സജ്ജീകരിച്ചിട്ടുണ്ട്. ആശ്രാമം മൈതാനത്ത് വൈകിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മൂന്ന് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്യും. വൈകുന്നേരം 5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം തലസ്ഥാന നഗരിയിലേക്ക് തിരിക്കും.
വൈകുന്നേരം തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ക്ഷേത്രത്തിലെ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. രാത്രി എട്ടുമണിയോടുകൂടി ഡെല്‍ഹിയിലേക്ക് മടങ്ങും.
Post Your Comments