ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധകുംഭമേളക്ക് ചൊവ്വാഴ്ച്ച തുടക്കമാകും. ലക്ഷക്കണക്കിന് ജനങ്ങളാണ് കുംഭമേളയില് പങ്കെടുക്കാനായി പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ 15 കോടിയോളം ആളുകള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകരസംക്രാന്തിക്ക് പിന്നാലെ തുടങ്ങുന്ന കുംഭമേള മാര്‍ച്ച് നാലിന് മഹാശിവരാത്രി ദിനം വരെ നീളും.
തീര്‍ത്ഥാടകര്‍ക്കൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിനേദസഞ്ചാരികളും എത്തുന്നതിനാല്‍ ഫൈവ് സ്റ്റാര്‍ എസി നോണ്‍ എസി ടെന്റുകളാണ് യുപി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. സന്ദര്‍ശകരുടെ സൗകര്യം കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസും നടത്തുന്നുണ്ട്. .മകരസംക്രാന്തിക്ക് പിന്നാലെ ഇവിടെ നടക്കുന്ന ‘ഷാഹി സ്‌നാന്‍’ വളരെ പവിത്രമായ ചടങ്ങായാണ് വിശ്വാസികള്‍ കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണ് കുംഭമേളയില്‍ കണ്ടുവരുന്നത്. ഹിമാലലയത്തില്‍ നിന്നുള്ള അഖോരകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഈ ദിവസം പ്രയാഗിലെത്തുന്നത്. മകരസംക്രാന്തിക്ക് പിന്നാലെ നടക്കുന്ന മേളയില്‍ ഗംഗാ നദിയിലെ പുണ്യ ജലത്തില്‍ മുങ്ങിക്കുളിച്ചാല്‍ അതുവരെയുള്ള പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം.
ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ അതീവ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. സൈനികരെയും പ്രദേശത്ത് വിന്യസിച്ചു കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കുംഭ മേളയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പ്രയാഗില്‍ ഒരുക്കിയിരിക്കുന്നത്. പൊലീസിനൊപ്പം സന്നദ്ധ സംഘടനകളും പ്രദേശവാസികളും ക്രമസമാധാനപാലനത്തിനായി രംഗത്തുണ്ട്. ഗംഗയിലേക്ക് ഒരു വിധത്തിലുമുള്ള മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എല്ലാ ജില്ലകളിലെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments