ബഹ്‌റൈന്‍: തൊഴിലുടമകള്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ശമ്പളം മാറ്റണമെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ബഹ്‌റൈന്‍. ഏപ്രില്‍ മാസം മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് കീഴിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ പരിഗണനയിലുള്ള പദ്ധതി ബാങ്കുകള്‍ക്ക് വേണ്ടവിധത്തില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ വേണ്ടി നീട്ടിവെക്കുകയായിരുന്നു.
മാസങ്ങള്‍ കഴിഞ്ഞിട്ടും തഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ പിടിച്ചുവെക്കുന്ന സംഭവങ്ങള്‍ പലപ്പോഴും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് സാധിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നതിലെ കൃത്യത ഉറപ്പ് വരുത്തുവാനും ഈ രംഗത്ത് ചൂഷണമൊഴിവാക്കുവാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഡബ്ല്യു.പി.എസ് എന്ന പേരിലുള്ള ശമ്പള നിരീക്ഷണസംവിധാനം നടപ്പിലാകുന്നതോടെ രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്കായുള്ള മാസാന്തം ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റേണ്ടി വരും.വിവിധ ഘട്ടങ്ങളിലായാണ് പുതിയ രീതി നടപ്പില്‍ വരുത്തുകയെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ അല്‍ അബ്‌സി വ്യക്തമാക്കി.
Post Your Comments