കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങിയ ബിജെപി സിപിഎം സംഘര്‍ഷത്തിന് കൊയിലാണ്ടിയില്‍ അയവില്ല. ഇന്ന് രാവിലെയും കൊയിലാണ്ടിയില്‍ സി.പി.എം – ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടായി. അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ കൊയിലാണ്ടിയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍ ദിവസം തുടങ്ങിയ അക്രമം ബി.ജെ.പി – സി.പി.എം സംഘര്‍ഷത്തിനു വഴിവെച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അടക്കമുള്ളവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിനത്തില്‍ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബോംബേറുണ്ടായി.
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സി.പി.എം ഏരിയാ കമ്മറ്റി മെമ്പറും കൊയിലാണ്ടി നഗരസഭാ സ്ഥിരം സമിതി അംഗവുമായ കെ.ഷിജുവിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. അല്‍പസമയത്തിനുള്ളില്‍ ബി.ജെ.പി മണ്ഡലം സെക്രട്ടറി കെ.മുകുന്ദന്റെ വീടിന് നേരെയും ബോംബെറിഞ്ഞു. ഇരു വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അക്രമം തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി എം.എല്‍.എ കെ.ദാസന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്.
Post Your Comments