Latest NewsKerala

മാധ്യമ പ്രവർത്തനം എന്താണെന്ന് അവരെ മനസ്സിലാക്കി കൊടുക്കണം. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത് അത്യാവശ്യമാണ്- സന്ദീപ്‌ ആര്‍ വചസ്പതി എഴുതുന്നു

സന്ദീപ്‌ ആര്‍ വാചസ്പതി

വാർത്താ സമ്മേളനങ്ങൾക്ക് പ്രസ് ക്ലബ് നിഷേധിക്കാൻ ഒരാൾക്കും അവകാശവും അധികാരവുമില്ല. ഒരു ഭാരവാഹിയുടേയും പൂർവ്വിക സ്വത്തിൽ നിന്ന് ചില്ലിക്കാശെടുത്തല്ല രാജ്യത്തെ പ്രസ് ക്ലബ്ബുകൾ നിർമ്മിച്ചതും ഇപ്പോൾ പ്രവർത്തിക്കുന്നതും. ഈ രാജ്യത്തെ ഓരോ പൗരന്റേയും നികുതിപ്പണം തന്നെയാണ് ബഹുനില കെട്ടിടത്തിന്റേയും ശീതീകരിണികളുടേയും സൗജന്യ ബാറിന്റേയും ഒക്കെ ആണിക്കല്ല്. അത് മറന്നു പോകുന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.

‍കേരളത്തിലെ പത്ര പ്രവർത്തക യൂണിയൻ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. 14 ജില്ലകളിലും യൂണിയന് ആസ്ഥാന മന്ദിരങ്ങളുമുണ്ട്. മാറിമാറി വന്ന സർക്കാരുകൾ അനുവദിച്ച സൗജന്യ പണം ഉപയോഗിച്ചാണ് ഇവയൊക്കെ കെട്ടിപ്പൊക്കിയിരിക്കുന്നത്. (അതിൽ ഇടതു മുന്നണി സർക്കാരുകളുടെ സംഭാവന നാമമാത്രമാണെന്നാണ് അറിവ്. അങ്ങനെയല്ലെന്ന് തെളിയിച്ചാൽ തിരുത്താൻ തയ്യാറുമാണ്.) സൗജന്യ ടൂർ, സൗജന്യ യാത്ര, ഡിസ്കൗണ്ടുകൾ എന്നീയിനങ്ങളിൽ കിട്ടുന്ന ലക്ഷങ്ങൾ വേറെ…

കോട്ടയം പ്രസ് ക്ലബ്ബ് പണിയാൻ അഴിമതിക്കാരനായ ഉമ്മൻചാണ്ടിയും കൈക്കൂലിക്കാരനായ കെ എം മാണിയും ചേർന്നാണ് 25 ലക്ഷം രൂപ അനുവദിച്ചത്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് സൗജന്യ നിരക്കിൽ വസ്തു തരപ്പെടുത്തിക്കൊടുത്തത് അക്ഷര ശുദ്ധിയോടെ സംസാരിക്കാൻ പോലും അറിയാത്ത തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. രണ്ടാം ഘട്ട വികസനത്തിന് 20 ലക്ഷം രൂപ അനുവദിച്ചത് നരാധമനായ നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരാണ്. അതിന് കാരണക്കാരനായതാകട്ടെ കടുത്ത സവർണ്ണ ഫാസിസ്റ്റായ രാധാകൃഷ്ണ മേനോനും.

‍‍
അതായത് ഉത്തമാ, ഞെളിഞ്ഞിരിക്കുന്ന കസേര വരെ പൊതുജനങ്ങളുടെ പണം കൊടുത്ത് വാങ്ങിയതാണെന്ന്…. മനസ്സിലായോ?. ജനാധിപത്യ വ്യവസ്ഥയിൽ ധിക്കാരപരമായ തീരുമാനമെടുക്കണമെങ്കിൽ, ഇറക്കി വിടണമെങ്കിൽ ഒക്കെ തറവാട്ട് വകയായിരിക്കണം സ്ഥാപനങ്ങൾ. തീരുമാനം എടുത്തത് ആരായാലും മാധ്യമ പ്രവർത്തകൻ എന്ന മഹത്തായ മേലങ്കി അണിയാൻ ഇനി അർഹതയില്ല. എതിർ സ്വരങ്ങളെ സംഗീതം പോലെ ആസ്വദിച്ചില്ലെങ്കിലും, കേൾക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം. ഇഷ്ടമായില്ലെങ്കിൽ കൂവുകയോ ഓരിയിടുകയോ ചെയ്തുകൊള്ളൂ. എന്നാലും കേൾക്കണം, കേട്ടേ മതിയാവൂ. അതിനാണ് നിങ്ങൾക്ക് സമൂഹം ആവശ്യത്തിനും അനാവശ്യത്തിനും ചില അവകാശങ്ങളും അധികാരങ്ങളുമൊക്കെ അനുവദിച്ച് നൽകിയിരിക്കുന്നത്.

‍പത്ര മുത്തശ്ശിമാർ അരങ്ങു വാഴുന്ന കോട്ടയത്താണ് ഇങ്ങനെ സംഭവിച്ചതെന്ന കാര്യം കൂടുതൽ ഗൗരവമുള്ളതാണ്. ചില വഷളൻമാരുടെ പേക്കൂത്തകൾക്ക് പ്രസ് ക്ലബ് അനുവദിച്ചു കൊടുക്കേണ്ടി വന്നത് നിസഹായാവസ്ഥ കൊണ്ടാണെങ്കിലും മാന്യൻമാരായ മുതിർന്ന മാധ്യമ പ്രവർത്തകർ ഇടപെടണം. മാധ്യമ പ്രവർത്തനം എന്താണെന്ന് അവരെ മനസ്സിലാക്കി കൊടുക്കണം. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത് അത്യാവശ്യമാണ്.

(ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചതാണ്  ഈ ലേഖനം)

shortlink

Related Articles

Post Your Comments

Related Articles


Back to top button