KeralaLatest News

മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മൂലമാണ് സുപ്രീംകോടതിയില്‍ നിന്നും എതിരായി വിധി വന്നത്. ഈ വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണ്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ ഒന്നടങ്കം റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അതിനെ പുഛ്ചത്തോടു കൂടിയാണ് കണ്ടത്.സുപ്രീംകോടതി വിധിയുടെ പേരില്‍ വിശ്വാസി സമൂഹത്തിന്‍റെ മുഴുവന്‍ എതിര്‍പ്പുകളും മറി കടന്ന് ധൃതി പിടിച്ച് യുവതികളെ ശബരിമലയില്‍ കയറ്റാനാണ് പിണറായി വിജയനും സി.പി.എമ്മും തുടക്കം മുതലേ ശ്രമിച്ചു കൊണ്ടിരുന്നത്.

ഓഖി ദുരന്ത പുനരധിവാസത്തിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പരായപ്പെട്ട് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട പിണറായി സര്‍ക്കാര്‍ ശബരി മല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളും തനിക്ക് എതിരാകുമെന്ന് കണ്ടപ്പോളാണ് സുപ്രിംകോടതി വിധി മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാനും അവര്‍ണ്ണരും സവര്‍ണ്ണരുമായി ജനങ്ങളെ ഭിന്നിച്ച് ഹിന്ദു മത വിശ്വാസികളില്‍ അനൈക്യം ഉണ്ടാക്കി തന്‍റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വിശ്വാസികളുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വന്നു. ശബരിമലയിലെ യുവതി പ്രവേശനം നവോത്ഥാന സംരക്ഷണമാക്കി വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ഭരണയന്ത്രം ദുര്‍വിനിയോഗം ചെയ്ത പിണറായി വിജയന്‍, വനിതാ മതില്‍ നടന്ന ദിവസം തന്നെ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ തന്‍റെ പോലീസിനെ ഉപയോഗിച്ചത് നീചമായ പ്രവൃത്തിയാണ്. മാവോയിസ്റ്റുകളും ആക്ടിവിസ്റ്റുകളുമായ രണ്ടു യുവതികളെ പോലീസ് വാനില്‍ കയറ്റി സന്നിധാനത്ത് എത്തിച്ച് ഇരുമുടി കെട്ടില്ലാതെയും പതിനെട്ടാംപടി ചവിട്ടാതേയും വി.ഐ.പി ഗേറ്റിലൂടെ ദര്‍ശനം നടത്തിച്ചത് ഈ സര്‍ക്കാരിന്‍റെ വലിയ നേട്ടമായി പിണറായി വിജയന്‍ ചിത്രീകരിച്ച് വിചിത്രമായി തോന്നുന്നു.

വിശ്വാസികളുടെ ആചാരനുഷ്ഠാനങ്ങള്‍ ലംഘിച്ചു കൊണ്ട് ശബരിമലയില്‍ യുവതികളെ കയറ്റി ദര്‍ശനം നടത്താന്‍ നാടകം കളിച്ച മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായ യാതൊരു അവകാശവുമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൂഢനീക്കം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജനങ്ങളുടേയും മുഖ്യമന്ത്രിയായി പിണറായി വിജയന് മാറാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ട്.
സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്‍റില്‍ നിയമം കൊണ്ടു വരാന്‍ എല്ലാ അധികാരവുമുണ്ട്. അതിന് തയ്യാറാകാതെ സ്വന്തം അണികളെ കയറൂരിവിട്ട് കേരളത്തെ കലാപ ഭൂമിയാക്കുന്ന ബി.ജെ.പി സംഘ പരിവാര്‍ സംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായും തളളിക്കളയും. വിശ്വാസികളുടെ താല്‍പര്യം മുന്‍നിര്‍ത്തി ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ച നിലപാടിനോടൊപ്പം വിശ്വാസികള്‍ അണി നിരക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം യുവതികള്‍ പോലീസ് സഹായത്തോടെ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം നടത്തിയ പ്രതിഷേധ സമരത്തിന് നേരെ പോലീസ് നടത്തിയ കിരാതമായ മര്‍ദ്ദനങ്ങള്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യ മനോഭാവത്തിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ കാറിന് നേരെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് മൃഗീയമായി ആക്രമിച്ച് താലിബാന്‍ ഭീകരവാദികളെ കൈകാര്യം ചെയ്യുന്നത് പോലെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയ നടപടി പ്രാകൃതവും രാജ്യത്ത് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയ്ക്ക് എതിരുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ജനാധിപത്യ പരമായ രീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button