കോട്ടയം: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കം വെട്ടിൽ കലാശിച്ച കേസിൽ ഗാന്ധിനഗർ പൊലീസ് അറസ്റ്റുചെയ്ത 3 പേരെ കോടതി റിമാൻഡ് ചെയ്തു. മുടിയൂർക്കര വടക്കനാട്ട് രതീഷ് (32), കുഴിയാലിപ്പടി പാക്കത്തുപുല്ലുവേലിൽ ഷാരോൺ (21), മെഡിക്കൽകോളജ് ജി ക്വാർട്ടേഴ്സിൽ നിജിൻ കുഞ്ഞുമോൻ (24) എന്നിവരാണു റിമാൻഡിലായത്. ഗുരുതരമായി പരുക്കേറ്റ അജിത്ത്, നിജിൽ, രാഹുൽ, പ്രജീഷ് എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്താൽ ഉടൻ ഇവരെ അറസ്റ്റ് ചെയ്യും.
ക്രിസ്മസ് പുലർച്ചെ 2ന് ചെമ്മനംപടി വടക്കാനാട്ട് കുന്നുംപുറംഭാഗത്ത് റോഡിലാണ് യുവാക്കൾ ഏറ്റുമുട്ടിയതും വെട്ടിൽ കലാശിച്ചതും. ഷാരോണിന്റെ കളഞ്ഞുപോയ മൊബൈൽഫോൺ ഓട്ടോ ഡ്രൈവറായ പ്രവീണിന് കിട്ടി. പ്രവീൺ ഉടമയ്ക്ക് നൽകുന്നതിന് ഫോൺ സഹോദരൻ രതീഷിനെ ഏൽപ്പിച്ചു. ഫോണിലേക്ക് വിളിച്ച ഷാരോണിനോട് കുന്നുംപുറം ഭാഗത്തേയ്‌ക്ക് വരാൻ രതീഷ് അറിയിച്ചു. കൂട്ടുകാരുമൊത്ത് സ്‌ഥലത്തെത്തിയ ഷാരോണും രതീഷും തമ്മിൽ മൊബൈലിനെ ചൊല്ലി വാക്കുതർക്കമായി.
ഇത് അടിപിടിയിൽ കലാശിച്ചെന്ന് എസ്ഐ മനു വി.നായർ പറഞ്ഞു. ഷാരോണും സുഹൃത്തുക്കളും കൂടുതൽ ആളുകളെ കൂട്ടി വീണ്ടും എത്തി രതീഷിന്റെ ഒപ്പമുള്ളവരെ നേരിട്ടു. ഷാരോണിന്റെ സുഹൃത്തുക്കളായ അജിത്, നിജിൽ എന്നിവർക്കും രതീഷിന്റെ സുഹൃത്തുക്കളായ രാഹുൽ, പ്രജീഷ് എന്നിവർക്കും വെട്ടേറ്റു.സമീപത്തുള്ള വീടുകൾക്ക് നേരെ കല്ലേറുണ്ടായി. മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിനു മുൻപിലും സംഘർഷസ്ഥിതിയുണ്ടായി.
Post Your Comments