തുറമുഖങ്ങളുടെ കാലഗണനം സംബന്ധിച്ചുള്ള പരിവേക്ഷണം മുസുരിസ് – ആലപ്പുഴ പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുവാന്‍ പോവുകയാണ് എന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനുള്ള ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം കൊടുങ്ങല്ലൂരിലെ തീരദേശ പൈതൃക പഠന കേന്ദ്രത്തില്‍ നടന്നതായും അദ്ദേഹം അറിയിച്ചു. ആലപ്പുഴ മാരിടൈം മ്യൂസിയത്തിനു വേണ്ടിയാണ് ഈ പരിവേക്ഷണം സംഘടിപ്പിക്കുന്നത് എന്നും കേരളത്തിലെ ഈ തുറമുഖങ്ങളെല്ലാം അടയാളപ്പെടുത്തിയ വലിയ റിലീഫ് മാപ്പിനോട് ബന്ധപ്പെടുത്തി തുറമുഖ പ്രദേശത്തിന്റെ ഫോട്ടോകളും ഇവിടെ നിന്നും ലഭിക്കുന്ന പുരാവസ്തുക്കളും പ്രദര്‍ശിപ്പിക്കാനാണ് പരിപാടി എന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രണ്ട് സഹസ്രാബ്ദത്തില്‍ കേരള കടല്‍ത്തീരം നാല്‍പ്പത് തുറമുഖങ്ങളുടെയെങ്കിലും ഉയര്‍ച്ച, താഴ്ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭൂരിപക്ഷം തുറമുഖങ്ങളും ഇന്ന് കയറ്റുമതി, ഇറക്കുമതി വ്യാപരം ഇല്ലായെന്നു മാത്രമല്ല, വിസ്മൃതയിലാണ്ടും കഴിഞ്ഞു. പക്ഷെ, കടല്‍ വാണിജ്യ ചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍ അവിടുത്തെ പറമ്പുകളിലും കടല്‍ത്തീരത്തുമെല്ലാം പരന്നു കിടക്കുകയാണ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ചൈനയില്‍ നിന്നുള്ള പിഞ്ഞാണങ്ങളുടെയും ജാറുകളുടെയും അവശിഷ്ടങ്ങളാണ് ഇവയില്‍ മുഖ്യം. നാണയങ്ങളും അലങ്കാരങ്ങളും ഉപകരണങ്ങളുമെല്ലാം ഇവയില്‍പ്പെടും. സാധാരണക്കാരന്റെ ദൃഷ്ടിയില്‍പ്പെടാത്ത ഈ തിരുശേഷിപ്പുകള്‍ വിദഗ്ധര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. 30 വര്‍ഷം മുമ്പ് പ്രസിദ്ധ ജാപ്പനീസ് പണ്ഡിതന്‍ കരാഷിമയും രാഘവ് വാര്യരും മറ്റും ചേര്‍ന്ന് ഇങ്ങനെ ഈ തുറമുഖ പ്രദേശങ്ങളിലൂടെ ഒരു നടത്തം നടത്തി. ഓരോ സ്ഥലങ്ങളില്‍ നിന്നും സഞ്ചി നിറയെ പുരാവസ്തുക്കള്‍ ശേഖരിച്ചു. ബ്രഷിന്റെ വരകളുടെ രീതി, ചൂളയുടെ സ്വഭാവം, മണ്ണിന്റെ സ്വഭാവം തുടങ്ങിയവയെല്ലാം പരിശോധിച്ച് ഏത് കാലഘട്ടത്തില്‍, ഏത് പ്രദേശത്തു നിന്നാണ് സിറാമിക് പിഞ്ഞാണികളും പോട്ടറി അവശിഷ്ടങ്ങളുമെല്ലാം വന്നത് എന്നത് കണ്ടുപിടിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ ഈ തുറമുഖങ്ങളുടെ കാലഗണനം സംബന്ധിച്ച് അവര്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ നടത്തിയ സെമിനാര്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുരാവസ്തുക്കള്‍ ഇന്നും തമിഴ് സര്‍വ്വകലാശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതുപോലൊരു പരിവേക്ഷണം മുസുരിസ് – ആലപ്പുഴ പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുവാന്‍ പോവുകയാണ്. ഇതിനുള്ള ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം കൊടുങ്ങല്ലൂരിലെ തീരദേശ പൈതൃക പഠന കേന്ദ്രത്തില്‍ നടന്നു.
കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സര്‍വ്വകലാശാലകളിലെ നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു. അവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവരായിരിക്കും ഈ സര്‍വ്വേ നടത്തുക. ഏതാണ്ട് അരദിവസം ഞാന്‍ ഈ കുട്ടികളോടൊപ്പം ചെലവഴിച്ചു. ഗംഭീരം ക്ലാസുകള്‍. മഹാഭൂരിപക്ഷം പേര്‍ക്കും ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ പ്രസിദ്ധ പണ്ഡിതന്‍മാരുടെ ക്ലാസുകള്‍ ആദ്യത്തെ അനുഭവമായിരുന്നു. പ്രൊഫ. വെളുത്താട്ട് കേശവനാണ് ഡയറക്ടര്‍. തമിഴ് സര്‍വ്വകലാശാലയിലെ പ്രൊഫ. സെല്‍വരാജ്, പ്രൊഫ. സുബ്ബറാവു, ഡോ. രാഘവ് വാര്യര്‍, യു.സി കോളേജിലെ ജന്നി പീറ്റര്‍, കേരള സര്‍വ്വകലാശാലയിലെ അജിത്കുമാര്‍ എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. പുതു അറിവുകള്‍. പുതു കാഴ്ച്ചപ്പാടുകള്‍ കുട്ടികളെല്ലാം ആവേശഭരിതരാണ്. ആര്‍ക്കിയോളജി ഡയറക്ടര്‍ റെജിയും ഹേമചന്ദ്രനും പങ്കെടുത്തിരുന്നു.
ആലപ്പുഴ മാരിടൈം മ്യൂസിയത്തിനു വേണ്ടിയാണ് ഈ പരിവേക്ഷണം സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഈ തുറമുഖങ്ങളെല്ലാം അടയാളപ്പെടുത്തിയ വലിയ റിലീഫ് മാപ്പിനോട് ബന്ധപ്പെടുത്തി തുറമുഖ പ്രദേശത്തിന്റെ ഫോട്ടോകളും ഇവിടെ നിന്നും ലഭിക്കുന്ന പുരാവസ്തുക്കളും പ്രദര്‍ശിപ്പിക്കാനാണ് പരിപാടി. ആലപ്പുഴയ്ക്ക് ഇതുമായി എന്താണ് ബന്ധം എന്നാണ് ആലോചിക്കുന്നുണ്ടാകും. ഈ നിരയില്‍ ആലപ്പുഴ ഇല്ല. ആലപ്പുഴയുടെ തെക്കുള്ള പുറക്കാടും വടക്കുള്ള തൈയ്ക്കലും ഉണ്ടാകും. ആലപ്പുഴ ചരിത്രത്തില്‍ രംഗപ്രവേശനം ചെയ്തത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മാത്രമാണ്. എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ടായിരിക്കും ആലപ്പുഴ മാരിടൈം മ്യൂസിയം പ്രദര്‍ശനം ആരംഭിക്കുക.
ആലപ്പുഴയിലെ പൈതൃക മ്യൂസിയങ്ങളുടെ നിര്‍മ്മാണം ബൃഹത്തായ പങ്കാളിത്ത പഠന പരിവേക്ഷണ പദ്ധതിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പോസ്റ്റുകളില്‍ ഞാന്‍ പുന്നപ്ര-വയലാര്‍ സമര സേനാനികളുടെ വിവരശേഖരണ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. 100 സന്നദ്ധപ്രവര്‍ത്തകരെങ്കിലും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. ഇപ്പോള്‍ മറ്റൊരു 100 ചരിത്ര വിദ്യാര്‍ത്ഥികള്‍കൂടി പങ്കാളികളാവുകയാണ്. ഇനിയുള്ള മാസങ്ങളില്‍ ഇത്തരം പങ്കാളിത്തം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
https://www.facebook.com/thomasisaaq/posts/2502714846411308?__xts__%5B0%5D=68.ARAVHK-F6HHlf5DUKNvk567iNYePMQ6tnOzYYHPPs6oDdf_06LtdhOqZEqI0Ho0z5lNqInv_4I5Yl7ZYJfogoIuzd6UfWBeB1a4ZuNVjNvnJP4enZNeyaC0w3HJ5DkZJOVchtNYLVdKt9GXYo2vW5Q_safQEz7VMLziTW9gabdNVQCII4XqK0SmkwbGYXV15sVtnBCKUOIG0wSPMRPWsk4yNJXdRXm_8O0h9R_Pw2b8PA74JB3ER6HT1Tszi4CWhnj8qMEmejTw1gP75tdMFu3hf6uiuKjzmD9HqMG9Bju1s6k0C_bMifsX-23xtKpAOUpw9JxHbVyUSFQ_pK4NbL1UFNg&__tn__=-R
Post Your Comments