തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് 26 കോടിയില്‍ നിന്ന് 100 കോടി എന്ന വിറ്റുവരവ് നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് കെ.എസ്.ഡി.പി ഈ നിര്‍ണ്ണായക നേട്ടം കൈവരിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. കെ.എസ്.ഡി.പി വിറ്റുവരവ് 100 കോടി രൂപ കടന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 26 കോടി രൂപയായിരുന്നു കെ.എസ്.ഡി.പിയുടെ വിറ്റുവരവ്. ഈ സാമ്ബത്തിക വര്‍ഷം ഇനിയും നാലു മാസം ബാക്കിയുണ്ട്. 2019 ഫെബ്രുവരി 25ന് നോണ്‍ബീറ്റാലാക്ടം ഫാക്ടറി നാടിനു സമര്‍പ്പിക്കുമ്പോള്‍ സര്‍ക്കാരും കെ.എസ്.ഡി.പിയും പറഞ്ഞൊരു ലക്ഷ്യമുണ്ട്. വിറ്റുവരവ് 150 കോടിയിലേയ്ക്ക് എത്തുമെന്നതാണത്. ഇപ്പോള്‍ 104 കോടി രൂപയായി. ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ ലക്ഷ്യത്തോട് അടുക്കാന്‍ കെ.എസ്.ഡി.പിക്ക് സാധിക്കും എന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ധനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: ” കെ.എസ്.ഡി.പി പടിപ്പടിയായി കൈവരിക്കുന്ന നേട്ടം പലവട്ടം താന്‍ എഴുതിയിട്ടുണ്ട്. 2017ല്‍ ബീറ്റാലാക്ടം പ്രോജക്ടിന്റെ പുതിയൊരു ഘട്ടമായി ഡ്രൈ പൗഡര്‍ ഇന്‍ജക്ഷന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഇതേ വര്‍ഷം തന്നെ എന്‍എബിഎല്‍ അക്രെഡിറ്റേഷനുള്ള ലബോറട്ടറി പ്രവര്‍ത്തനവും ആരംഭിച്ചു. 2018ല്‍ ബീറ്റാലാക്ടം ഫാക്ടറിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയെടുത്തു. പ്രവര്‍ത്തനം നിലച്ച് താറുമാറായി കിടന്നിരുന്ന വെറ്റമിന്‍ എ പ്ലാന്റ് നവീകരിച്ച് നിര്‍മ്മിച്ച നോണ്‍ ബീറ്റാലാക്ടം പ്ലാന്റിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി മാസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. 158 ഇനം മരുന്നുകളുടെ ഉല്‍പ്പാദനമാണ് ഈ പ്ലാന്റില്‍ നടക്കുക.
തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലേയ്ക്കും കെ.എസ്.ഡി.പി മരുന്നു വിതരണം ആരംഭിച്ചു. ഇപ്പോള്‍ പുതിയൊരു ഇന്‍ജക്ഷന്‍ പ്ലാന്റിന്റെയും ഒഫ്താല്‍മിക് മരുന്നുകളുടെ ഉല്‍പ്പാദനത്തിനുള്ള പ്ലാന്റിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്യാന്‍ കഴിയും. കോവിഡ് പശ്ചാത്തലത്തില്‍ സാനിട്ടൈസര്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ഡി.പി 20ലക്ഷം കുപ്പി സാനിട്ടൈസറാണ് ഉല്‍പ്പാദനം നടത്തിയത്.
Read Also: മുനിസിപ്പല്‍ കോര്‍പ്പറേഷൻ പിടിച്ചെടുക്കാനൊരുങ്ങി ബിജെപി; അന്തിമഫലം വൈകിട്ടോടെ
അതേസമയം ത്രീ ലെയര്‍ മാസ്കുകളും എന്‍95 മാസ്കുകളും മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനുവേണ്ടി നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓങ്കോളജി പാര്‍ക്കിന്റെയും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വേണ്ട അവശ്യമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനത്തിന്റെയും നിര്‍മ്മാണം വരും സാമ്ബത്തിക വര്‍ഷത്തില്‍ തുടങ്ങാനാകും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ എങ്ങനെയാണ് അത്ഭുതകരമായ മാറ്റങ്ങള്‍ വരിക എന്നതിന് ഉദാഹരണമാണ് കെ.എസ്.ഡി.പി എന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments