NattuvarthaLatest NewsKeralaNews

‘ലക്ഷ്യം പൊന്നുംവിലയുള്ള കടൽത്തീരം’; ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആരോപണവുമായി തോമസ് ഐസക്

ഗുജറാത്തിലെ അതിസമ്പന്നരുടെ വിനോദ സഞ്ചാരകേന്ദ്രമാണ് ദാമൻ ദിയു. ടൂറിസം സാധ്യതകൾ കണ്ണിലുടക്കിയ ഒരു വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ അജണ്ട നടപ്പിലാക്കിക്കൊടുക്കുകയായിരുന്നു പ്രഫുൽ പട്ടേൽ ചെയ്തത്

ദ്വീപുകളുടെ കടൽത്തീരം വൻകിട കോർപറേറ്റുകളുടെ ടൂറിസം പദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസർക്കാരുമെന്നും, ലക്ഷദ്വീപിലെ നടപടികൾ പൊന്നുംവിലയുള്ള അവിടുത്തെ കടൽത്തീരം ലക്ഷ്യമിട്ടുള്ളതാണെന്നുമുള്ള ആരോപണവുമായി മുൻ മന്ത്രി തോമസ് ഐസക്. കേന്ദ്രഭരണപ്രദേശമായ ദാമൻ ദിയുവിലെ കടൽത്തീരം ഒഴിപ്പിച്ചതിനു സമാനമാണ് ലക്ഷദ്വീപിലെ നടപടികളെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെയും രൂക്ഷമായ വിമർശനമാണ് തോമസ് ഐസക് നടത്തിയത്. ദാമൻ ദിയുവിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ കിടപ്പാടവും ജീവനോപാധികളും തകർത്ത് സ്ഥലം എംപിയായിരുന്ന മോഹൻ ദേൽക്കറിന്റെ ജീവനും കവർന്നാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ എത്തിയതെന്നും, ദാമൻ ദിയുവിലെ ടൂറിസം സാധ്യതകൾക്കായി ഒരു വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ അജണ്ട നടപ്പിലാക്കിക്കൊടുക്കുകയായിരുന്നു പ്രഫുൽ പട്ടേൽ ചെയ്തതെന്നും തോമസ് ഐസക് പറയുന്നു.

കടൽത്തീരത്ത് കണ്ണുവെച്ച കോർപറേറ്റുകൾക്ക് വേണ്ടി അതിനെതിരെയുള്ള പ്രക്ഷോഭം അടിച്ചമർത്താനാണ് മുൻകൂറായി ഗുണ്ടാ ആക്ട് നടപ്പാക്കുന്നതെന്നും, ബിജെപി നേതാക്കൾ വർഗീയതയും തീവ്രദേശീയതയും ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുണ്ടോ, അതിന്റെയെല്ലാം പിന്നിൽ ഇതുപോലുള്ള ഗൂഢലക്ഷ്യങ്ങളുണ്ടാകുമെന്നും തോമസ് ഐസക് ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി; പേഴ്‌സണൽ സ്റ്റാഫ് സംഘത്തിൽ സിഎം രവീന്ദ്രനും

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ദ്വീപുകളുടെ കടൽത്തീരം വൻകിട കോർപറേറ്റുകളുടെ ടൂറിസം പദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. ഈ ഗൂഢപദ്ധതിയുടെ കങ്കാണിയാണ് സാക്ഷാൽ പ്രഫുൽ പട്ടേൽ. കേന്ദ്രഭരണപ്രദേശമായ ദാമൻ ദിയുവിലെ കടൽത്തീരം ഒഴിപ്പിച്ചതിനു സമാനമാണ് ലക്ഷദ്വീപിലെ നടപടികൾ. അവിടെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ കിടപ്പാടവും ഉപജീവനോപാധികളും തകർത്തു തരിപ്പണമാക്കി, സ്ഥലം എംപിയായിരുന്ന മോഹൻ ദേൽക്കറിന്റെ ജീവനും കവർന്നാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ കാലു കുത്തിയത്. ഏഴുവട്ടം ദാദ്രാ നാഗർഹവേലി എംപിയായിരുന്ന മോഹൻ ദേൽക്കറിന്റെ ആത്മഹത്യാക്കുറിപ്പിലെ വില്ലനാണ് പ്രഫുൽ പട്ടേൽ. മോട്ടി ദാമൻ ലൈറ്റ്ഹൌസ് മുതൽ ജാംപൂർ ബീച്ചു വരെയുള്ള കടൽത്തീരത്ത് തലമുറകളായി മത്സ്യബന്ധത്തിലേർപ്പെട്ട തദ്ദേശീയരായ ആദിവാസികളെയാണ് ഒരു ദയയുമില്ലാതെ പ്രഫുൽപട്ടേലിന്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിച്ചത്.

ഗുജറാത്തിലെ അതിസമ്പന്നരുടെ വിനോദ സഞ്ചാരകേന്ദ്രമാണ് ദാമൻ ദിയു. ടൂറിസം സാധ്യതകൾ കണ്ണിലുടക്കിയ ഒരു വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ അജണ്ട നടപ്പിലാക്കിക്കൊടുക്കുകയായിരുന്നു പ്രഫുൽ പട്ടേൽ ചെയ്തത്. 2019 നവംബറിൽ ഈ തീരമേഖലയിലുള്ള മുഴുവൻ വീടുകളും തകർത്തു തരിപ്പണമാക്കി. എതിർപ്പും സംഘർഷവും ഒഴിവാക്കാൻ 144 പ്രഖ്യാപിച്ചായിരുന്നു താണ്ഡവം. 135 വീടുകൾ തകർക്കപ്പെട്ടു. സ്കൂളുകളെ താൽക്കാലിക ജയിലുകളായി പ്രഖ്യാപിച്ച് അന്തേവാസികളെ മുഴുവൻ തടവിലാക്കി. വീടും തൊഴിലും നഷ്ടപ്പെട്ടവരുടെ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് മോഹൻ ദേൽക്കർ പ്രഫുൽ പട്ടേലിന്റെയും സംഘത്തിന്റെയും കണ്ണിലെ കരടായത്. തുടർച്ചയായ പീഡനങ്ങൾക്കൊടുവിൽ 2021 ഫെബ്രുവരി 21ന് മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ അദ്ദേഹം ആത്മഹത്യ ചെയ്തു. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ദേൽക്കറിന്റെ മകൻ അഭിനവ് പ്രഫുൽ പട്ടേലിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ലക്ഷദ്വീപിലെ കപട സമരങ്ങൾക്ക് പിന്നിൽ സിപിഎമ്മും മുസ്‌ലിം ലീഗും ചില ജിഹാദി സംഘടനകളും ; കെ സുരേന്ദ്രൻ

പൊന്നും വിലയുള്ള കടൽത്തീരം തന്നെയാണ് ലക്ഷദ്വീപിനും പ്രഫുൽ പട്ടേൽ ഉന്നമിട്ടിരിക്കുന്നത്. പട്ടേലിന്റെ പരിഷ്കാരങ്ങളിൽ ചിലത് പ്രത്യേകം പരിശോധിക്കണം. തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മത്സ്യ ജീവനക്കാരുടെ ഷെഡുകളെല്ലാം പൊളിച്ചു മാറ്റിയിട്ടുണ്ട്. ദാമൻ ദിയുവിൽ മത്സ്യത്തൊഴിലാളികളുടെ വീടുകൾ ഇടിച്ചു നിരത്തിയതിന് സമാനമായ നടപടി. നിലവിൽ ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെമേലുള്ള ദ്വീപുക്കാർക്കാണ് അവകാശം. അതില്ലാതാക്കുക പ്രഫുൽ പട്ടേലിന്റെ അജണ്ടയിലെ പ്രധാന ഇനമാണ്. കടൽത്തീരത്ത് കണ്ണുവെച്ചു കഴിഞ്ഞവർക്കു വേണ്ടിയാണ് ഈ നടപടികളെന്ന് വ്യക്തം. അതിനെതിരെയുള്ള പ്രക്ഷോഭം അടിച്ചമർത്താനാണ് മുൻകൂറായി ഗുണ്ടാ ആക്ട് നടപ്പാക്കുന്നത്. ക്രിമിനൽ കേസുകളില്ലാത്ത നാട്ടിൽ ഗുണ്ടാ ആക്ട് എന്തിന് എന്ന് അമ്പരക്കുന്നവരുണ്ടാകും. വരാനിരിക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പാണത്.

കോവിഡ് മഹാമാരിയുടെ ആക്രമണത്തിൽ മരവിച്ചു നിൽക്കുകയാണ് ജനങ്ങൾ. ഈ മരവിപ്പു മുതലെടുത്തു കൊണ്ട്, കുടിയൊഴിപ്പിക്കലുകളും ശതകോടികളുടെ റിയൽ എസ്റ്റേറ്റ് പദ്ധതികളും ആവിഷ്കരിക്കുകയാണ് മോദിയും സംഘവും. പ്രഫുൽ പട്ടേലിനെപ്പോലെ കണ്ണിൽച്ചോരയില്ലാത്ത കങ്കാണിമാരെയാണ് അവർ അതിനു നിയോഗിച്ചിരിക്കുന്നത്. ടൂറിസം സാധ്യതയുള്ള തീരപ്രദേശങ്ങളിലേയ്ക്കെല്ലാം ഈ കങ്കാണിമാർ ഏതു നിമിഷവും കടന്നു വരാം. പലകാരണങ്ങൾ പറഞ്ഞ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ കുടിയിറക്കും.
അതിനുള്ള ഏറ്റവും എളുപ്പമാർഗമാണ് വർഗീയത ആളിക്കത്തിക്കൽ. ബിജെപി നേതാക്കൾ എപ്പോഴൊക്കെ വർഗീയതയും തീവ്രദേശീയതയും ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുണ്ടോ, അതിന്റെയെല്ലാം പിന്നിൽ ഇതുപോലുള്ള ഗൂഢലക്ഷ്യങ്ങളുണ്ടാകും. കുടിയൊഴിപ്പിക്കാനുള്ള ഭൂമിയും കുടിയിറക്കപ്പെടാനുള്ള മനുഷ്യരെയും മുൻകൂറായി ചാപ്പ കുത്തി നിർത്തും.

‘ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപി ലക്ഷ്യം’; പ്രഫുല്‍ പട്ടേല്‍ ജനകീയ നേതാവാണെന്ന് എ പി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപിൽ മയക്കുമരുന്നു വ്യാപാരവും ദേശവിരുദ്ധപ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന ന്യായീകരണങ്ങൾ അതിനു വേണ്ടി ചമച്ചതാണ്. ലക്ഷദ്വീപിലെ താമസക്കാരിൽ 99 ശതമാനവും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അത്രയധികം അറിയപ്പെടാത്ത മറ്റൊരു വസ്തുതയാണ് ലക്ഷ്യദ്വീപിലെ ജനങ്ങളെ പട്ടികവർഗ്ഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എത്രയോ നൂറ്റാണ്ടുകളായി മുഖ്യധാര സമൂഹത്തിൽ നിന്നു വേറിട്ടു താമസിക്കുന്നവരാണ് അവർ. ആദിവാസി അവകാശങ്ങൾക്കു നേരെയുള്ള ഏറ്റവും ക്രൂരമായ കടന്നാക്രമണവുംകൂടിയാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഉന്നം ഭൂമിയാണ്. കടൽത്തീരമാണ്. ആഡംബര വില്ലകളും റിസോർട്ടുകളും പണിയാൻ തീരുമാനിച്ച വമ്പൻ വ്യവസായികൾക്കു വേണ്ടിയാണ് ഈ അഭ്യാസങ്ങൾ. അതൊന്നും ആർക്കും അറിയില്ലെന്നാണ് കെ സുരേന്ദ്രനെപ്പോലുള്ളവർ വിചാരിച്ചു വെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button