Latest NewsKeralaIndia

ജനുവരി ഒന്നിന് പെരുന്നയില്‍ നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ഉറ്റുനോക്കി രാഷ്ട്രീയ കക്ഷികൾ: സമദൂര നിലപാട് മാറ്റുമെന്ന് സൂചന

പിള്ളയ്ക്കും മകന്‍ ഗണേഷ് കുമാറിനും എതിരെ വലിയ പ്രതിഷേധമാണ് എന്‍എസ്എസിന് ഉള്ളത്.

കോട്ടയം: വനിതാമതില്‍ സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് പെരുന്നയില്‍ നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തെ ഉറ്റുനോക്കുകയാണ് ഇടത് മുന്നണിയും, യുഡിഎഫും ബിജെപിയും. സമദൂരം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പെരുന്നയിലെ സമ്മേളനം ഇടത് നിലപാടുകള്‍ക്കെതിരായ പോരാട്ട വേദിയാകും. എന്‍.എസ്.എസിന്റെ രാഷ്ടീയ നിലപാട് ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ വനിതാ മതിലും അതിന്റെ പേരില്‍ സമുദായത്തെ വിമര്‍ശിക്കുന്ന ഇടത് നിലപാടും ചർച്ചയാകും.

പിള്ളയ്ക്കും മകന്‍ ഗണേഷ് കുമാറിനും എതിരെ വലിയ പ്രതിഷേധമാണ് എന്‍എസ്എസിന് ഉള്ളത്. ഡയറക്ടര്‍ബോര്‍ഡംഗമായ ആര്‍.ബാലകൃഷ്ണപിള്ള എന്‍.എസ്.എസ് നിലപാട് തള്ളി വനിതാമതിലിനെ പിന്തുണച്ചിരുന്നു. മന്നം ജയന്തി സമ്മേളനത്തില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ബാലകൃഷ്ണപിള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ സമ്മേളനത്തിനെത്താനിടയില്ല. വന്നാല്‍ അത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തലാകാനിടയുണ്ട്.

സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശക്തി എന്‍.എസ്.എസിന് എന്നുമുണ്ടെന്ന് ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഉറച്ചു നിന്ന എന്‍.എസ്.എസ് സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വനിതാമതില്‍ നടത്തിപ്പിന് നവോത്ഥാന സംഘടനയെന്ന നിലയില്‍ എന്‍.എസ്.എസിനെ ക്ഷണിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ക്ഷണം ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നിരസിച്ചു.

വനിതാമതില്‍ വര്‍ഗീയമതിലെന്ന് പരിഹസിച്ച് തള്ളിപ്പറഞ്ഞു. ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജോതിക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഇടതുമുന്നണി പ്രമുഖ നേതാക്കള്‍ ഇതോടെ എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സമദൂരം കൈവിടില്ല എന്ന് സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുമ്പോഴും സമുദായം ഇടത് മുന്നണിയുമായി ഏറെ അകന്നുവെന്ന് തന്നെയാണ് സൂചന. എസ്എന്‍ഡിപിയെ കൂട്ട് പിടിച്ച് എന്‍എസ്എസിനെ ഭീഷണിപ്പെടുത്താനുള്ള നീക്കങ്ങളും ജി സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചു.

ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥയോടെ രംഗത്തെത്തുന്നവര്‍ക്ക് സമുദായാംഗങ്ങള്‍ വോട്ടു ചെയ്യുമെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇതോടെ കോൺഗ്രസ്സും അങ്കലാപ്പിലായിട്ടുണ്ട്. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെക്കന്‍ കേരളത്തിലെ നാല് സീറ്റുകളില്‍ യുഡിഎഫിന് വിജയം നല്‍കാറുള്ളത് എന്‍എസ്എസിന്റെ വോട്ടുകളാണ്. ബിജെപി ശക്തമായ ഈ മണ്ഡലങ്ങളില്‍ ഇത്തവണ കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്. അയ്യപ്പ ജ്യോതിയില്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് വ്യക്തമാക്കിയ നേതൃത്വം, പരിപാടിയക്ക് പരസ്യ പിന്തുണയും നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button