
തിരുവനന്തപുരം•ജനുവരി ഒന്നിന് സൃഷ്ടിക്കുന്ന വനിതാ മതിലിൽ ട്രാൻസ്‌വിമൻ വിഭാഗവും പങ്കെടുക്കും. കേരളമൊട്ടാകെയുള്ള 200 ഓളം ട്രാൻസ്‌വിമനുകളാണ് വനിതാ മതിലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ 50 ഓളം വിവിധയിടങ്ങളിലായി അണിനിരക്കും. തിരുവനന്തപുരത്ത് ശ്യാമ എസ്. പ്രഭ, സൂര്യ എന്നിവരും തൃശൂരിൽ വിജയരാജമല്ലികയും എറണാകുളത്ത് ശീതൾ ശ്യാമും നേതൃത്വം നൽകും. കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്ന ആറ് ട്രാൻസ്‌വിമനും വനിതാ മതിലിൽ അണിചേരും. ആലപ്പുഴ ജില്ലയിൽ പത്തോളം പേർ വനിതാ മതിലിന്റെ ഭാഗമാവും.
വനിതാ മതിലിൽ അണിനിരക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ട്രാൻസ്‌വിമൻ വിഭാഗങ്ങളുടെ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായ ചർച്ച നടക്കുന്നുണ്ടെന്നും ഇതിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ഭൂരിപക്ഷം പേർക്കും മനസിലായിട്ടുണ്ടെന്നും ശ്യാമ എസ്. പ്രഭ പറഞ്ഞു. അണിനിരക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാവും. വനിതാ മതിലിൽ അണിനിരക്കുന്നതിനെ അംഗീകാരമായാണ് കാണുന്നതെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Post Your Comments