Latest NewsKerala

പൊട്ടന്‍ തെയ്യം കനിഞ്ഞു, ഭാഗ്യദേവത തെയ്യം കലാകാരനൊപ്പം

സ്വയം ദൈവമായി മാറി ആയിരങ്ങള്‍ക്ക് അനുഗ്രഹവും ഉപദേശവും കൊടുക്കുന്നവരാണ് തെയ്യം കലാകാരന്‍മാര്‍. തെയ്യക്കോലത്തില്‍ നിന്നിറങ്ങുമ്പോള്‍ അനാരോഗ്യവും ജീവിത പ്രാരാബ്ധങ്ങളുമായിരിക്കും ഇവര്‍ക്ക് കൂട്ടാകുന്നത്. പക്ഷേ കണ്ണൂരിലെ കണ്ണന്‍ പണിക്കര്‍ എന്ന തെയ്യം കലാകാരനൊപ്പം ഭാഗ്യദേവത കുടുംബത്തിലേക്ക് കയറിച്ചെല്ലുകയായിരുന്നു.

സര്‍്ക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ അറുപത് ലക്ഷം രൂപയാണ് ഈ കലാകാരന് ലഭിച്ചിരിക്കുന്നത്. കണ്ണൂരില്‍ കണ്ടോത്ത് പാട്യത്തെ കിഴക്കേകൊവ്വലിലെ തെയ്യം കലാകാരന്‍ അങ്ങനെ ഒറ്റദിവസം കൊണ്ട് ലക്ഷപ്രഭുവായി. പൊട്ടന്‍ തെയ്യമാണ് കണ്ണന്‍ പണിക്കരുടെ ഇഷ്ടദൈവം. ജീവിതദുരിതങ്ങള്‍ മാറ്റാന്‍ അവിടെ നിന്ന് അനുഗ്രഹം ഉണ്ടാകുമെന്ന വിശ്വാസം കൊണ്ടുനടന്നിരുന്നു ഈ കലാകാരന്‍. ഉപാസകനെ ദേവത കൈവെടിഞ്ഞില്ല.

ഈ മാസം 26 ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റാണ് പണിക്കര്‍ വാങ്ങിയത്. ഇരുപത്തിയാറിന് രാത്രി പൊട്ടന്‍ തെയ്യം കെട്ടിയാടിയ ക്ഷീണത്തില്‍ പിറ്റേന്ന് പത്രവും നോക്കിയില്ല. പിന്നീട് മറന്നുംപോയി. 29 ന് രാവിലെ ടിക്കറ്റിനെക്കുറിച്ചോര്‍ത്ത് പത്രം നോക്കിയപ്പോള്‍ കണ്ണന്‍ പണിക്കര്‍ക്ക് വിശ്വസിക്കാനായില്ല, ടിക്കറ്റിന് ഒന്നാം സമ്മാനം തന്നെ ലഭിച്ചിരിക്കുന്നു. ടിക്കറ്റ് വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. നാട്ടുകാരനായ സുരേശന്റെ കയ്യില്‍ നിന്നാണ് പണിക്കര്‍ ടിക്കറ്റ് വാങ്ങിയത്. എന്തായാലും പൊട്ടന്‍ തെയ്യം നല്‍കിയ സൗഭാഗ്യമായാണ് എല്ലാത്തിനെയും കണ്ണന്‍ പണിക്കര്‍ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button