തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലുമണി വരെയുള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു. കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു.
25 കോടി രൂപയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്. ഓണം ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, ക്രിസ്മസ് – ന്യൂഇയർ ബമ്പർ, സമ്മർ ബമ്പർ, പൂജാ ബമ്പർ എന്നീ ബമ്പർ ടിക്കറ്റുകളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. ഇതിൽ ഏറ്റവുമധികം ആളുകൾ സ്വന്തമാക്കുന്ന ബമ്പർ ടിക്കറ്റാണ് ഓണം ബമ്പർ. ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് ഓരോ വർഷവും വിറ്റഴിയുന്നത്. തമിഴ്നാട്ടിൽ നിന്നടക്കമുള്ളവർ ഓണം ബമ്പർ ടിക്കറ്റ് സ്വന്തമാക്കാൻ കേരളത്തിൽ എത്താറുണ്ട്.
500 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
Post Your Comments