തിരുവനന്തപുരം :സൊഹ്റാബുദ്ദീൻ കേസുമായി ബന്ധപ്പെട്ട് ജനങ്ങളോട് മാപ്പുപറയാൻ സിപിഎം- കോൺഗ്രസ്സ് കക്ഷികൾ തയ്യാറാകണമെന്ന് ബിജെപി. കള്ളത്തെളിവുകൾ ചമച്ച്, ബിജെപി നേതാക്കളെ രാഷ്ട്രീയ വിരോധം തീർക്കാനായി സിബിഐ പ്രതികളാക്കി പ്രോസിക്യൂഷനും വിചാരണക്കും വിധേയമാക്കിയ കേസ്സാണ് ഗുജറാത്തിലെ സൊഹ്റാബുദ്ധീൻ ഷെയ്ഖ് പ്രജാപതി കേസ്സെന്ന് മുംബൈ സ്പെഷ്യൽ കോടതി കണ്ടെത്തിയിരിക്കുന്നു. കേസിലെ അവശേഷിച്ച 22 പ്രതികളെയും കുറ്റവിമുക്തരാക്കി കൊണ്ടാണ് ജഡ്ജി എസ്.ജെ. ശർമ്മ ഈ വ്യാജ ഏറ്റുമുട്ടൽ കേസിനുപിന്നിലെ കള്ളകളികൾപുറത്തുകൊണ്ടുവന്നതെന്ന് ബിജെപി അറിയിച്ചു.
ഇപ്പോഴത്തെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെ 16 പേരെ നേരത്തെ വിട്ടയച്ചു കൊണ്ട് വിധി പ്രഖ്യാപിച്ച ജഡ്ജി ഗോസാവിയും കേസ് കള്ളക്കേസാണെന്ന് കണ്ടെത്തിയിരുന്നു. യുപിഎ ഭരണത്തിൻ കീഴിൽ സിബിഐയാണ് കുറ്റപത്രം ഫയലാക്കിയിരുന്നത്. സൊഹ്റാബുദ്ദീൻ-പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊല ആരോപിച്ച് തലങ്ങും വിലങ്ങും പ്രചരണ കോലാഹലങ്ങൾ നടത്തി ബിജെപിയെ പ്രതിക്കൂട്ടിലാക്കാൻ സിപിഎം -കോൺഗ്രസ്സ് പാർട്ടികൾ ആസൂത്രിത ശ്രമം നടത്തിയ സംസ്ഥാനമാണ് കേരളം. ബിജെപി നേതാക്കൾക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കള്ളത്തെളിവ് ചമച്ച് രാഷ്ട്രീയ പകപോക്കലിന് ശ്രമിച്ചു എന്നതാണ് കോടതി വിധി ന്യായത്തിൽ പറയുന്നത്. ഈ സാഹചര്യത്തിൽ തങ്ങൾ നടത്തിയ തെറ്റായ പ്രചരണങ്ങളുടെ പേരിൽ ജനങ്ങളോട് മാപ്പുപറയാൻ സിപിഎം- കോൺഗ്രസ്സ് കക്ഷികൾ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
Post Your Comments