തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ വനിതാ മതിൽ പണിയാനുള്ള നീക്കം പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരേയും സംവിധാനങ്ങളേയും ഉപയോഗപ്പെടുത്തുന്ന പിണറായിയുടെ നീക്കം തെറ്റായ കീഴ് വഴക്കം സൃഷ്ട്ടിക്കാനേ ഉപകരിക്കൂ. ദേശീയ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളേയും ആശാ വർക്കർമാരേയും കുടുംബശ്രീ പ്രവർത്തകരേയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഭരണ സ്വാധീനം ഉപയോഗിച്ചുമൊക്കെ മതിലിൽ പങ്കാളികളാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി വകുപ്പ് സെക്രട്ടറിമാർ ഉത്തരവിറക്കുകയും ചെയ്യുന്നുണ്ട്. ഇത് ജനാധിപത്യ വിരുദ്ധമാണ്.
ഓരോ ഫയലും ഓരോ ജീവിതമാണെന്നും ജോലി സമയങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ സീറ്റിൽ ഉണ്ടാകണമെന്നും ഉത്തരവിറക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ജോലി തടസ്സപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി ഓണപ്പൂക്കളം ഇടുന്നത് പോലും വിലക്കിയ കാര്യം പിണറായി മറക്കരുത്. അതേ പിണറായിയുടെ ഭരണത്തിലാണ് ജോലി സമയത്ത് ഉദ്യോഗസ്ഥർ വിളംബര ജാഥയ്ക്കും ചുവരെഴുത്തിനും പോസ്റ്റർ ഒട്ടിക്കാനുമൊക്കെ നടക്കുന്നത്. സ്വന്തം വാക്കിനോ നിലപാടിനോ എന്തെങ്കിലും വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അതിൽ നിന്ന് പിന്തിരിപ്പിക്കണം. സ്വന്തം നിലയിൽ ആളെക്കൂട്ടാനുള്ള സിപിഎമ്മിൻറെ കഴിവിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ സർക്കാർ സംവിധാനം ഉപയോഗിക്കുന്നതെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments