തിരുവനന്തപുരം:വനിത മതിലില്‍ ഒരു ലക്ഷം പെണ്‍കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷ ജിഷ്ണ പ്രസാദാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വനിത മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് ബാലസംഘത്തിന്റെ തീരുമാനം. മന്ത്രി ഇ.പി ജയരാജന്റെ സാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് കുട്ടികളെ സംബന്ധിച്ച ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കുട്ടികള്‍ക്കും കിട്ടണം. അതിനാല്‍ ഈ വിധി തിരുത്തപ്പെടണം. അന്താരാഷ്ട്ര ഉടമ്പടിയില്‍ 12ാം ആര്‍ട്ടിക്കിള്‍ പ്രകാരം കുട്ടികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.വനിത മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും എന്നാല്‍ പങ്കെടുക്കാനെത്തുന്നവരെ തടയേണ്ടതില്ലെന്നുമാണ് സി.പി.എം തീരുമാനമെങ്കിലും ഒരു ലക്ഷം കുട്ടികളെ വനിത മതിലിന്റെ ഭാഗമാക്കാനാണ് ബാലസംഘം അഞ്ചാം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.
Post Your Comments