മലയാളികളുടെ ഭക്ഷണങ്ങളില്‍ പൊറോട്ടയുടെ സ്ഥാനം ചെറുതല്ല. അതുകൊണ്ടു തന്നെ പൊറോട്ട വിശേഷങ്ങളും ഒരുപാടുണ്ട് മലയാളിക്ക് പറയാന്‍. ദുബായിലെ ആദാമിന്റെ ചായക്കടയില്‍ അങ്ങനെ വ്യത്യസ്തമായ ഒരു പൊറോട്ട വിശേഷം ഉണ്ടായി. ഏറ്റവും നീളം കൂടിയ പൊറോട്ടയാണ് ഇവിടെ ഉണ്ടാക്കുന്നത്. പേര് ബുര്‍ജ് ഗീ പൊറോട്ട. ദുബായിയിലെ ഏറ്റവും നീളം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ചായക്കടയിലെ ഷെഫുമാരായ അരുണും നിതിനും അഫ്സറുമാണ് ഈ പൊറോട്ടയുടെ കണ്ടുപിടിത്തത്തിനു പിന്നില്‍. പൊറോട്ട ചുട്ട് വയ്ക്കുന്നത് നീളത്തില്‍ വിരിച്ചിട്ട വാഴയിലയിലേക്കാണ്. ഏഴടി നീളമുള്ള പൊറോട്ട നാലോ അഞ്ചോ പേര്‍ക്ക് ചേര്‍ന്ന് കഴിക്കാം. പാല്, സാഫ്രണ്‍ മില്‍ക്ക്, നെയ്യ്, ആല്‍മണ്ട് പേസ്റ്റ് എന്നിവ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. സാധാരണയായി പൊറോട്ട കഴിക്കരുതെന്നു ചൂണ്ടിക്കാട്ടി പലരും പറയുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകാത്ത വിധമാണ് ബുര്‍ജ് പൊറോട്ട ഉണ്ടാക്കുന്നതെന്ന് ഇവര്‍ പറയുന്നു. ക്രിസ്മസ്, ന്യൂയെര്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്ന സമയമായതിനാല്‍ വ്യത്യസ്തമായി ഏതെങ്കിലും ഉണ്ടാക്കണം എന്ന ചിന്തയില്‍ നിന്നാണ് ഈ വലിയ പൊറോട്ടയുടെ പിറവി.
Post Your Comments