ചെങ്ങന്നൂര്‍: ആശാ വര്‍ക്കര്‍മാരെ വെട്ടാൻ യുവാവിന്റെ ശ്രമം. പ്രളയദുരിതാശ്വാസ കണക്കെടുപ്പിനെത്തിയ ആശാ വര്‍ക്കര്‍മാര്‍ക്ക് നേരെയാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്. ഇയാൾ മദ്യലഹരിയിലായിരുന്നു. പിടിച്ചുവാങ്ങിയ വെട്ടുകത്തിയുമായി സ്ത്രീകള്‍ നടത്തിയ പ്രതിരോധ ശ്രമത്തിനിടെ പരിക്കേറ്റ ആക്രമിയെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലിശ്ശേരി പാറത്താഴ്ചയില്‍ വീട്ടില്‍ ബിനീഷിനെയാണ് (38) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കല്ലിശ്ശേരി അഴകിയകാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ച കഴിഞ്ഞാ ണ് സംഭവം. അഴകിയകാവ് ശ്രീശൈലം വീട്ടില്‍ രാജന്റെ ഭാര്യ ജയകുമാരി (52), ആലാ പഞ്ചായത്ത് ഓവര്‍സിയര്‍ ധന്യ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മദ്യലഹരിയില്‍ ആയിരുന്ന ബിനീഷ് ഇരുവരോടും അസഭ്യം പറയുകയും , ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ പിടിച്ചു വാങ്ങി തറയില്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വന്ന സ്കൂട്ടര്‍ ചവിട്ടി താഴെയിട്ടു. തടയാന്‍ ശ്രമിച്ച ജയയേയും ധന്യയേയും വെട്ടാനായി വെട്ടുകത്തി വീശി. ജയകുമാരി ഇത് എതിർക്കുകയും കത്തി കൈക്കലാക്കുകയുമായിരുന്നു.
ഇതോടെ ബിനീഷ് ജയയെ കടന്നു പിടിച്ച് കീഴടക്കാന്‍ ശ്രമിച്ചു. ചെവികടിച്ചുപറിച്ചതോടെ മറ്റ് മാര്‍ഗം ഇല്ലാതെ ജയകുമാരി വെട്ടുകയായിരുന്നു. ചോരവാര്‍ന്ന് അവശനായ ബിനീഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ജയകുമാരിയെ കസ്റ്റഡിയിലെടുത്തു.
Post Your Comments