കൊച്ചി : മുൻഗണനാ റേഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിൽ വൻ അട്ടിമറി. ഈ വിഭാഗത്തിൽ വന്ന 33,324 ഒഴിവുകളിൽ 11,434 എണ്ണം ചേർത്തല താലൂക്ക് സപ്ലൈ ഓഫിസിന്റെ പരിധിയിലുള്ളവർക്കു നൽകാനാണു സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. അനർഹരെ നീക്കം ചെയ്തതിനെ തുടർന്നാണു മുൻഗണനാ വിഭാഗത്തിൽ ഇത്രയും ഒഴിവുകൾ ഉണ്ടായത്.
താലൂക്ക് സപ്ലൈ ഓഫിസുകളിലെ ഉദ്യോഗസ്ഥർ 2 തവണത്തെ പരിശോധനയ്ക്കും അഭിമുഖത്തിനും ശേഷം തയാറാക്കിയ പട്ടികയിലെ അർഹരായ നൂറുകണക്കിന് അപേക്ഷകർ കാത്തിരിക്കുമ്പോഴാണു ഭക്ഷ്യമന്ത്രിയുടെ താലൂക്കായ ചേർത്തലയിൽ നിന്നു മാത്രം ഇത്രയധികം പേരെ ചേർക്കുന്നത്. ചേർത്തല താലൂക്കിൽ ഇത്രയധികം പേർ ആദ്യം തയാറാക്കിയ മുൻഗണനാ പട്ടികയിൽ പെടാതെ പോയതു ദുരൂഹമാണ്. ഒരു താലൂക്കിൽ ഇത്രയധികം പേർ അർഹരുടെ പട്ടികയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നീക്കം ചെയ്യുന്ന അനർഹർക്കു പകരം അതതു താലൂക്കിലെ തന്നെ അർഹരായവരെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയാണു നേരത്തെ ചെയ്തിരുന്നത്. അർഹരില്ലാത്ത ചില താലൂക്കുകളിൽ എണ്ണം തികയാതെ പോകാനും അർഹതയുള്ളവർ കൂടുതലുള്ള താലൂക്കുകളിൽ അവസരം നിഷേധിക്കാനും ഇതിടയാക്കുന്നുവെന്ന് പരാതി വന്നു. ആദിവാസികൾ കൂടുതലുള്ള വയനാടിനു കുടുതൽ പരിഗണന നൽകണമെന്ന അഭിപ്രായവും പരിഗണിച്ചാണ് അർഹരെ ഉൾപ്പെടുത്തുന്നതു സംസ്ഥാന തലത്തിലാക്കിയത്.
Post Your Comments