കോഴിക്കോട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ആനുകൂല്യം എല്ലാ പ്രളയബാധിതര്‍ക്കും ബാങ്കുകള്‍ നല്‍കുന്നില്ല. മൂന്ന് മാസത്തിന് മേല്‍ വായ്പ കുടിശികയുള്ളവര്‍ക്ക് ആനുകൂല്യം നല്‍കേണ്ടതില്ലെന്ന സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. ഇതോടെ സര്‍ഫാസി കുരുക്കില്‍ പെട്ട പ്രളയബാധിതരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി.
തൊണ്ണൂറ് ദിവസത്തിന് മേല്‍ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് മൊറട്ടോറിയം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. അതായത് തൊണ്ണൂറ് ദിവസത്തിന് മേല്‍ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ സര്‍ഫാസി കുരുക്കില്‍ പെട്ടവരാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിധം ആനുകൂല്യം അനുവദിച്ചാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ബാധ്യതയാകുമെന്നാണ് വിലയിരുത്തല്‍.
വിഷയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ ജി.കെ മായ വ്യക്തമാക്കി. ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രതികരണം.
ബാങ്കിൽ വായ്പക്കുടിശ്ശിക വരുത്തിയവര്‍ക്കുനേരേ സര്‍ഫാസി നിയമം (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് ) ശക്തമാക്കിയതോടെ സംസ്ഥാനത്ത് നിരവധി ആളുകൾക്ക് വീട് നഷ്ടപ്പെടുന്നുവെന്ന് ഇന്നലെ വാർത്ത പുറത്തുവന്നിരുന്നു.
Post Your Comments