ന്യൂഡല്‍ഹി: ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം. ഡിസംബര്‍ 16 വരെ ബാങ്കില്‍നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നിക്ഷേപകര്‍ക്ക് 25,000 രൂപയിലധികം പിന്‍വലിക്കാനാവൂ. റിസർവ് ബാങ്കിന്റെ നിർദേശം പരിഗണിച്ച് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45ാം വകുപ്പ് പ്രകാരമാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്.
എന്നാൽ നിക്ഷേപകന്റെ ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഫീസ്, വിവാഹം എന്നിവയ്ക്കുവേണ്ടി 25,000 രൂപയിലധികം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പിന്‍വലിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് തുടര്‍ച്ചയായി നഷ്ടം നേരിടാന്‍ തുടങ്ങിയതോടെയാണ് അതിന്റെ സാമ്പത്തികനില മോശമായത്. ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ വന്‍തോതില്‍ തുക പിന്‍വലിക്കാന്‍ തുടങ്ങി. അതേസമയം ഭരണ തലത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി.
വിശ്വസനീയമായ പുനരുദ്ധാരണ പദ്ധതിയുടെ അഭാവത്തില്‍ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് മോറട്ടോറിയം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ആര്‍ബിഐ എത്തിയത്. റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കിന് മൂലധന സമാഹരണം നടത്താന്‍ കഴിയില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തെ മോറട്ടോറിയ പ്രഖ്യാപിച്ചതിന് പിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി ലക്ഷ്മി വിലാസ് ബാങ്കിനെ ലയിപ്പിക്കുന്നതിനുള്ള പദ്ധതിയും റിസർവ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ വായ്പാ വളർച്ചയെ സഹായിക്കുന്നതിനായി 2500 കോടി രൂപയുടെ അധിക മൂലധനം ഡിബിഎൽ കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
Post Your Comments