കണ്ണൂര്‍/കാസര്‍കോട്: ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിക്ക് ശേഷം കണ്ണൂര്‍- കാസര്‍കോട് ജില്ലകളിൽ വ്യാപക സംഘർഷം. ഇന്നലെ പാടിയോട്ടുചാലില്‍ നിന്നും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ പോയ ബസ് ആക്രമിച്ച് തകര്‍ക്കുകയുണ്ടായി. ഇതിനെ തുടർന്നാണ് അക്രമ പരമ്പര. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ പലയിടങ്ങളിലും അക്രമമുണ്ടായി. വളപട്ടണത്ത് ചക്കരപ്പാറ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായി. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായാണ് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തത്.ചെറുപുഴ പാടിയോട്ടുചാലില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു. ബി.ജെ.പി പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി അംഗം പാടിയോട്ടുചാല്‍ പട്ടുവം റോഡിലെ ടി.പി. മാധവന്റെ മകന് അഭിനേഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിനാണ് തീയിട്ടത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. തീ പടരുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് തീ കെടുത്തിയതിനാല്‍ സമീപത്തുണ്ടായിരുന്ന കാര്‍ അഗ്നിക്കിരയാകാതെ മാറ്റുവാന്‍ കഴിഞ്ഞു.പിലാത്തറ പുറച്ചേരിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ളാസ് അടിച്ച് തകര്‍ത്തു. കോളിയാടന്‍ ദാമോദരന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ത്തത്. ദാമോദരന്റെ ഭാര്യ ഇന്നലെ നടന്ന അയ്യപ്പജ്യോതി തെളിക്കല്‍ ചടങ്ങിന് പങ്കെടുത്തിരുന്നുവെന്ന് പറയുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് മാവുങ്കാലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രി ഒമ്ബതര മണിയോടെയാണ് സംഭവം. മാവുങ്കാല്‍ കുതിരക്കാളി അമ്ബലത്തിന്റെ ഗേറ്റിനടുത്ത് താമസിക്കുന്ന ദേവന്റെ വീട്ടിലേക്കാണ് ബോംബേറുണ്ടായത്. അക്രമി സംഘം എറിഞ്ഞ ബോംബുകളില്‍ ഒന്ന് വീടിന്റെ മുറ്റത്ത് വീണ് പൊട്ടിത്തെറിഞ്ഞു. മറ്റൊരു ബോംബ് ദേവന്റെ കാറിനടിയില്‍ പതിച്ചുവെങ്കിലും പൊട്ടാത്തതിനാല് വന്‍ ദുരന്തം ഒഴിവായി.വീട്ടുകാര്‍ ഉടന്‍ തന്നെ വെള്ളമൊഴിച്ചു ബോംബ് നിര്‍വ്വീര്യമാക്കി. പൊട്ടാതെ കിടന്ന രണ്ടു ബോംബുകള്‍ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
Post Your Comments