ധനുമാസക്കുളിരിന്റെ സ്‌പർശവുമായി തിരുവാതിര. 22നു ശനിയാഴ്ചയാണ് തിരുവാതിര ആഘോഷം. തിരുവാതിരയും എട്ടങ്ങാടിയും ഇത്തവണ ഒരു മിച്ചാണ് നടത്തുന്നത്. ശ്രീപരമേശ്വരന്റെ ജന്മനാളായാണ് കേരളീയർ തിരുവാതിര ആഘോഷിക്കുന്നത്. ശ്രീകൃഷ്‌ണനെ ഭർത്താവായി ലഭിക്കാൻ ഗോപസ്‌ത്രീകൾ കാർത്ത്യായനീപൂജ നടത്തിയ ദിവസമാണിതെന്നാണ് സങ്കൽപം. ഐശ്വര്യമായ കുടുംബ ജീവിതത്തിന് ശ്രീപാർവതി തിരുവാതിരനാളിൽ വ്രതമനുഷ്‌ഠിച്ചതിന്റെ ഓർമ പുതുക്കലാണിതെന്ന ഐതിഹ്യവുമുണ്ട്.
തിരുവാതിര അംഗനമാരുടെ ഉത്സവമാണ്. പാതിരാപ്പൂ ചൂടി മിഴിക്കോണിൽ ആർദ്രസ്വപ്‌നങ്ങളുമായി നിദ്രാവിഹീനമായ വിനാഴികകൾ. അഷ്‌ടമംഗല്യത്തട്ടിൽനിന്ന് ദശപുഷ്‌പങ്ങളെടുത്ത് ചൂടി വെറ്റില മുറുക്കി കാത്തിരിപ്പ്. തിരുവാതിരക്ക് ഭർത്താവ് ഉണരും മുൻപേ കുളത്തിൽ പോയി തുടിച്ചുകുളിക്കണമെന്നാണ്. പിന്നെ ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി. മുറ്റത്ത് ഭദ്രദീപത്തിനു മുന്നിൽ ആടിത്തിമർക്കുന്ന കന്യകമാർ.
സ്‌ത്രീകൾ പുലരും മുൻപേ കുളിച്ച് അലക്കിയതോ കോടിവസ്‌ത്രമോ ധരിച്ച് ശിവ പാർവതീ പൂജയും ശിവക്ഷേത്ര ദർശനവും നടത്തും. തിരുവാതിര നാളിൽ അരി ഭക്ഷണം വെടിയണമെന്നാണ്. പഴവും ഇളനീരും പുഴുക്കും ആകാം.
Post Your Comments